2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് എതിരാളിയായി വീണ്ടും ഒരു വനിത സ്ഥാനാര്‍ത്ഥി.തുൾസി ഗബ്ബാർഡ് അടുത്തയാഴ്ച സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കും. 

വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന് എതിരാളിയായി വീണ്ടും ഒരു വനിത സ്ഥാനാര്‍ത്ഥി. യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡ് ആണ് എലിസബത്ത് വാറന് പിന്നാലെ ഡെമോക്രാറ്റ് പക്ഷത്ത് നിന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാന്‍ ഒരുങ്ങുന്നത്. സി എൻ എന്നിന് നൽകിയ അഭിമുഖത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്.

യു എസ് പ്രസിഡന്‍റ് മത്സരത്തിൽ പങ്കെടുക്കാന്‍ തീരുമാനിച്ചെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം വൈകാതെ തന്നെ ഉണ്ടാകുമെന്നും തുൾസി വ്യക്തമാക്കി. 2020ൽ മത്സരിക്കാന്‍ ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് തുൾസി ഗബ്ബാർഡ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

Scroll to load tweet…

യുഎസ് പാർലമെന്റിലെ ആദ്യ ഹിന്ദു അംഗമാണ് തുൾസി ഗബ്ബാർഡ്(37). ഹവായിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ് തുൾസി. ജനപ്രതിനിധി സഭയില്‍ മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ നടത്തി തുള്‍സി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മൈക്ക് ഗബാര്‍ഡ് ഹവായ് സ്റ്റേറ്റ് സെനറ്ററാണ് പിതാവ്.