ഇസ്തംബുള്‍: സൈനിക അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തിരാവസ്ഥ. ദേശീയ സുരക്ഷാ സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. 

സൈനിക അട്ടിമറി ശ്രമത്തില്‍ പങ്കാളികളായ ഭീകര സംഘടനയുടെ എല്ലാ അംഗങ്ങളെയും ഇല്ലാതാക്കാനാണ് അടിയന്തിരാവസ്ഥയെന്ന് അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ തല്‍സമയ പ്രഭാഷണത്തില്‍ അദ്ദേഹം അറിയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണി ചെറുക്കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപന ലക്ഷ്യമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 

അടിയന്തിരാവസ്ഥ നിലവില്‍ വന്നതോടെ എല്ലാ അധികാരങ്ങളും പ്രസിഡന്റില്‍ കേന്ദ്രീകരിക്കപ്പെടും. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരും. സുരക്ഷാ ഉദ്യോഗസഥര്‍ക്ക് ആരെയും പിടികൂടാനും എവിടെയും തിരച്ചില്‍ നടത്താനും അധികാരമുണ്ടാവും.