ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പിന്തുടരുന്ന യുവാവ് മാധ്യമപ്രവര്‍ത്തക ഗൗരി ലിങ്കേഷിനെ അപമാനിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റ് വിവാദമാകുന്നു. ഇത്തരം വ്യക്തികളെ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നതിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
ഗൗരി ലിങ്കേഷ് കൊല്ലപ്പെട്ട് മിനിറ്റുകള്‍ക്കകമാണ് നിഖില്‍ ഡാഡിച്ച് എന്ന യുവാവ് ഗൗരിയെ അപമാനിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തത്. ഒരു നായ കൊല്ലപ്പെട്ടു എന്നതായിരുന്നു ട്വീറ്റ്. ഹിന്ദു രാഷ്ട്രവാദി എന്ന് വിശേഷിപ്പിക്കുന്ന ഇയാളുടെ ട്വിറ്റര്‍ പേജില്‍ പ്രധാനമന്ത്രി ഫോളോ ചെയ്യുന്നതായി പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ പേജിലും ഇക്കാര്യം വ്യക്തമാണ്. ട്വീറ്റിനെതിരെ യോഗേന്ദ്ര യാദവും ദ്വിഗ്വിജയ് സിംഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. ഡല്‍ഹിയില്‍ ചേര്‍ന്ന ഗൗരിയുടെ അനുശോചന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റിനെ ശക്തമായി അപലപിച്ചു.
പ്രതിഷേധം ശക്തമായതോടെ ട്വീറ്റ് പിന്‍വലിച്ച നിഖില്‍ പിന്നാലെ വിശദീകരണം നല്‍കി. തന്‍റെ ട്വീറ്റിന് ഗൗരിയുടെ മരണവുമായി ബന്ധമില്ലെന്നും ചില ആളുകള്‍ ഗൗരിയെ അപമാനിക്കാന്‍ ഇത് ഉപയോഗപ്പെടുത്തുകയായിരുന്നുമെന്നാണ് ട്വീറ്റിലുള്ളത്. അതേസമയം നരേന്ദ്രമോദി ഇയാളെ പിന്തുണയ്ക്കുന്നവരുടെ പട്ടികയില്‍ നിന്നൊഴിവാക്കുമെന്നും സൂചനയുണ്ട്.
