ഉത്തർപ്രദേശ്: മേഘാലയയിലെ എലിമാളങ്ങൾ പോലെയുള്ള ഖനിയ്ക്കുള്ളിൽ പതിനഞ്ച് തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്നാം ദിവസം. ഇനിയിവിടെ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്ന് രക്ഷാപ്രവർത്തകർ ഒന്നടങ്കം പറയുന്നു. തൊഴിലാളികൾക്ക് വേണ്ടിയല്ല അവരുടെ ചേതനയറ്റ ശരീരങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്. ഭക്ഷണവും വെള്ളവും പ്രാണവായുവും ലഭിക്കാതെ ഖനിക്കുള്ളിൽ കുടുങ്ങിയവരെക്കുറിച്ച് കുടുംബങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു കഴിഞ്ഞു. ശരീരമെങ്കിലും കിട്ടിയാൽ മതി എന്നാണ് ഇപ്പോൾ ഈ കുടുംബങ്ങൾ പറയുന്നത്. 

കഴിഞ്ഞ ഡിസംബർ 3 നാണ് മേഘാലയയിലെ കിഴക്കൻ ജയന്തിയ മലനിരകളിലെ എലിമാള ഖനികൾക്കുള്ളിൽ തൊഴിലാളികൾ  കുടുങ്ങിയത്. 320 അടി ആഴമുള്ള ഖനിയിൽ തൊട്ടടുത്ത നദിയിൽ നിന്ന് വെള്ളം കയറി പ്രധാന കവാടം അടഞ്ഞുപോയിരുന്നു. അതോടെ തൊഴിലാളികൾക്ക് പുറത്ത് കടക്കാൻ സാധിക്കാതെ വന്നു.

അന്ത്യകർമ്മങ്ങൾ നടത്താൻ അവരുടെ മൃതശരീരങ്ങളെങ്കിലും കിട്ടിയാൽ‌ മതി എന്നാണ് ഇപ്പോൾ കുടുംബാം​ഗങ്ങളുടെ ആ​ഗ്രഹം. രക്ഷാപ്രവർത്തകർ അതിന് വേണ്ടിയുള്ള ശ്രമത്തിലാണ്. ബുധനാഴ്ച ആറ് മണിക്കൂർ കൊണ്ട് 7.20 ലിറ്റർ വെള്ളമാണ് ഖനിക്കുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ പമ്പ് ചെയ്ത് മാറ്റിയത്. ഇന്ത്യൻ നേവി ഉദ്യോ​ഗസ്ഥരാണ് രക്ഷാപ്രവർത്തകരായി ഇവിടെയുളളത്. 

ഇന്ത്യയിലെ മുൻനിര പമ്പ് നിർമ്മാതാക്കളായ കിർലോസ്കർ കമ്പനിയാണ് ഖനിക്കുള്ളിൽ നിന്ന് വെള്ളം പുറത്തെത്തിക്കാൻ ശേഷിയേറിയ പമ്പ് നൽകിയിരിക്കുന്നത്. പമ്പുകളുപയോ​ഗിച്ച് ഖനിയിലെ വെള്ളം മുപ്പത് മീറ്ററായി താഴ്ത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനം സാധ്യമാകൂ എന്ന് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഖനിയുടെ ആഴം കണക്കാക്കുമ്പോൽ പമ്പുകള്‍ പ്രവർത്തിപ്പിച്ചാൽ രക്ഷാപ്രവർത്തകർക്ക് ശ്വാസം കിട്ടാൻ ബുദ്ധിമുട്ടാകുമെന്നും കരുതുന്നു. ഇതുവരെ ഖനിയുടെ അടിത്തട്ടിൽ എത്താൻ മുങ്ങൽ വിദ​ഗ്ധർക്ക് പോലും സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ മന്ദ​ഗതിയി‌ലാണ് മുന്നോട്ട് പോകുന്നത്. 

ഇതുവരെ ആകെ കണ്ടെത്തിയത് ഖനിത്തൊഴിലാളികൾ ഉപയോ​ഗിക്കുന്ന തരത്തിലുള്ള മൂന്ന് ഹെൽമെറ്റുകൾ മാത്രമാണ്. 2014 ഏപ്രിലില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പരാജയത്തിന് തന്നെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു അനധികൃത ഖനികള്‍. അനധികൃത ഖനികള്‍ അടച്ചുപൂട്ടുമെന്ന് ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്‍ പി പി – ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് മാസമായിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.