ചെന്നൈ: ജഡ്ജിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ച രണ്ടുപേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍.കൃപാകരനെ സമൂഹമാധ്യമത്തില്‍ പരിഹസിച്ച രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സംഘടനാ നേതാവുമായ സുഭാഷ് ചന്ദ്രബോസ്, തിരുനെല്‍ വേലി പാളയംകൊട്ടെ തിരുമല്‍ നഗറില്‍ മുരുകന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അപകീര്‍ത്തിപ്പെടുത്തല്‍, ദുരുദ്ദേശ്യത്തോടെ അഭ്യൂഹം പരത്തല്‍, പൊതുസേവകന്റെ ഉത്തരവ് മോശമായി ചിത്രീകരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശമ്പളം പരിഷ്‌കരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ സമരം ചെയ്തത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സമരം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ 22 മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം എംഎബിഎസില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം ലഭിച്ചത് അധ്യാപകരുടെ മികവിന്റെ തെളിവാണെന്നും ജഡ്ജി കൃപാകരന്‍ പരിഹസിച്ചിരുന്നു.
ഈ പരാമര്‍ശം അധ്യാപകരെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്. അതേ സമയം കോടതി പരാമര്‍ശത്തെ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്ന വിവരം കഴിഞ്ഞ ദിവസം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റകരമായ വിമര്‍ശനം നടത്തുന്നവരുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു, ഇതിനു പിന്നെലായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
