മോദിന​ഗറിലെ കരിമ്പിൻ തോട്ടത്തിൽനിന്നാണ് 32 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ തലയറ്റ രീതിയിലുള്ള മ‍ൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽനിന്ന് 15 അടി മാറിയായിരുന്നു തല കിടന്നിരുന്നത്. 

ലക്നൗ: ഉത്തർപ്രദേശിൽ വിവിധയിടങ്ങളിൽനിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. വെടിയേറ്റതും തലയറ്റതുമായ രീതിയിലുള്ള രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽനിന്ന് വെള്ളിയാഴ്ചയാണ് സംഭവം. 

മോദിന​ഗറിലെ കരിമ്പിൻ തോട്ടത്തിൽനിന്നാണ് 32 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ തലയറ്റ രീതിയിലുള്ള മ‍ൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽനിന്ന് 15 അടി മാറിയായിരുന്നു തല കിടന്നിരുന്നത്. രാവിലെ തോട്ടത്തിലെത്തിയ കർഷകൻ മൃതദേഹം കാണുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നുവെന്ന് മുതിർന്ന പൊലീസ് സൂപ്രണ്ടന്റ് ഉപേന്ദ്ര അ​ഗർവാൾ പറഞ്ഞു.

തുടർന്ന് മൃത​ദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആ സമയത്താണ് കാറിനകത്ത് വെടിയേറ്റ് മരിച്ചനിലയിൽ മ‍ൃതദേഹം കണ്ടെത്തുന്നത്. വിജയ് ന​ഗറിലായിരുന്നു സംഭവം. ​ഗൗതം ബുദ്ധ ന​ഗർ ജില്ലയിലെ ചിപ്പിയാന ​സ്വദേശി അശ്വിന് ശർമ്മ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പ്രദേശവാസികളായ ചിലർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാറിനകത്തുനിന്ന് നാടൻ തോക്ക്, മദ്യകുപ്പി എന്നിവ പൊലീസ് കണ്ടെടുത്തു. 

കേസിൽ യുവാവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മൃ‍തദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. രണ്ട് കേസുകളിലുമായി പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ഉപേന്ദ്ര അ​ഗർവാൾ വ്യക്തമാക്കി.