ചാണ്ഡിഗഢ് : അമ്മാവൻ ലൈംഗികമായി പീഡിപ്പിച്ച് പത്ത് വയസുകാരി ഗർഭിണിയായ കേസിൽ ഡോക്ടർമാരിൽ നിന്നും സ്കൂൾ ടീച്ചറിൽ നിന്നും ഹെഡ്കോൺസ്റ്റബിളിൽ നിന്നും ചാണ്ഡിഗഢ് പൊലീസ് മൊഴിയെടുത്തു. അൾട്രാസൗണ്ട് സ്കാനിങ് നടത്തി കുട്ടിയുടെ ഗർഭധാരണം സ്ഥിരീകരിച്ച ഡോ. കരൺ സിങ്, കുട്ടിയെ പ്രാഥമികഘട്ടത്തിൽ പരിശോധിച്ച മെഡിക്കൽ ബോർഡിലെ അംഗം കൂടിയായ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. സമീന എന്നിവരിൽ നിന്നാണ് മൊഴിയെടുത്തത്. കേസ് എല്ലാദിവസം ജില്ലാ കോടതി കേൾക്കുന്നുണ്ട്. ഇരയായ പെൺകുട്ടിയുടെ സ്കൂൾ ടീച്ചർ കോടതിയിൽ ഹാജരാവുകയും കുട്ടിയുടെ ജനന തീയതി തെളിയിക്കുന്ന രേഖ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലത്തിൻ്റെ മാപ്പ് തയാറാക്കാിയ ഹെഡ്കോൺസ്റ്റബിൾ റഷ്പാൽ സിങിൻ്റെ മൊഴിയും കോടതി രേഖപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി നാല് സാക്ഷികളാണ് കോടതിയിൽ ഹാജരായത്. ഇരയുടെയും അമ്മയുടെയും മൊഴി വ്യാഴാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ചൈൽഡ് വിറ്റ്നസ് കോടതിയിലാണ് ഇരയുടെ മൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരമുള്ള മൊഴിയാണ് ഇരയായ കുട്ടിയിൽ നിന്ന് കോടതി രേഖപ്പെടുത്തിയത്.
കുട്ടി തന്നെ പീഡിപ്പിച്ച കുൽ ബഹാദൂറിനെ വീഡിയോ കോൺഫറൻസിങിലൂടെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് 376ാം വകുപ്പ് പ്രകാരവും കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമം ചട്ടം നാല് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 17ന് ഇരയായ കുട്ടി ഗവ. മെഡിക്കൽ കോളജിൽ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കേസിൽ പിടിയിലായ കുട്ടിയുടെ അമ്മാവൻ ജയിലിൽ ആണ്. കേസിൽ സെപ്റ്റംബർ പകുതിയോടെ ഉത്തരവ് വന്നേക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
