കണ്‍മുന്നില്‍വെച്ച് ഉറ്റ സുഹൃത്തുക്കളെ നഷ്‌ടപ്പെട്ടതിന്റെ ഞെട്ടലിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി വസന്ത്ജിത്ത്. ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെയാണ് വസന്ത് ജിത്തും പ്രദീപ് റോയിയും സുകുമാര്‍റോയിയും ശക്തമായ തിരയില്‍പെട്ട് കടലില്‍ വീണത്. പാറക്കെട്ടില്‍ പിടിച്ച് വസന്ത്ജിത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കോസ്റ്റ‌ല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‍മെന്റും കോസ്റ്റ് ഗാര്‍ഡും കാണാതായവര്‍ക്കായുള്ള സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. നാല് ബോട്ടുകളിലായാണ് പരിശോധന. അഞ്ച് മാസത്തിനിടെ ഈ തീരത്ത് വീണ് അഞ്ച് പേരെയാണ് കാണാതായത്.

അപകടമുണ്ടാകുമെന്ന മുന്നറിയിപ്പ് ബോര്‍‍ഡുകള്‍ ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീരത്തെത്തുന്ന സെല്‍ഫി പ്രേമികള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നാണ് തീരസംരക്ഷണ സേനയും പരിസരവാസികളും പറയുന്നത്.