പാലക്കാട്: വാളയാറിലെ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് കുട്ടികളുടെ അമ്മയുടെ ചെറിയച്ചന്‍റെ മകൻ മധു, അച്ചന്‍റെ സുഹൃത്ത് ഷിബു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടു പേരെയും മരണത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വരെ ഇരുവരും ബലാൽസംഗം ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ്. മധു മകളെ ഉപദ്രവിച്ചിരുന്നെന്ന് കൃതിക മരിച്ച ദിവസം അമ്മ പോലീസിനു മൊഴി നൽകിയിരുന്നു.
ഇതേ തുടർന്ന് സ്റ്റേഷനിൽ വിളിപ്പിച്ച ശേഷം വിട്ടയച്ച പ്രതിയുടെ അറസ്റ്റാണ് ഒന്നര മാസത്തിനു ശേഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 വർഷമായി ഈ കുടുംബത്തോടൊപ്പം താമസിക്കുന്നയാളാണ് ഷിബു. ബലാൽസംഗം, പോക്സോ, പട്ടികജാതി വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ , ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേ സമയം കുട്ടികളെ കൊലപ്പെടുത്തിയതാണെന്നതിനുള്ള തെളിവുകൾ പോലീസിനു ലഭിച്ചിട്ടില്ലെന്നാണ് സൂചന.
വാളയാറിലെ മൂത്ത കുട്ടിയുടെ മരണമന്വേഷിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാർ ബഹ്റ നടത്തിയ അന്വേഷണത്തിൽ പ്രഥമ ദൃഷ്ട്യാ വ്യക്തമായതോടൊണ് തൃശൂർ റേഞ്ച് ഐജി എം ആർ അജിത്ത്കുമാർ എസ് ഐ പിസി ചാക്കോയെ സസ്പെന്‍റ് ചെയ്തത്.. സിഐ ആയിരുന്ന വിപിൻദാസ്, നർകോട്ടിക് ഡിവൈഎസ്പിയായിരുന്നന വാസുദേവൻ എന്നിവർക്കെതിരെയും നടപടികളുണ്ടാകും. പോലീസിന്‍റെ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.
