നായാട്ടിനിടെ കുട്ടമ്പുഴ സ്വദേശി ടോണി വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഒളിവിലായിരുന്ന രണ്ടുപേരെ അറസ്റ്റുചെയ്തത്. സംഭവത്തിനു പിന്നാലെ ഇടമലയാര്‍‍ ആനവേട്ടക്കേസിലെ ചില പ്രതികളുടെ സഹായത്തോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തട്ടേക്കാട് വനത്തിലെ നായാട്ടിനിടെ കാട്ടാനയെ കണ്ടെന്നും രക്ഷപെടാനുളള വെപ്രാളത്തിനിടെ വെടിയുതിര്‍ത്തെന്നുമാണ് സുജിത്തും അജീഷും പൊലീസിനോട് പറഞ്ഞത്. ഈ വെടിയുണ്ട അബദ്ധത്തില്‍ ടോണിയുടെ കാലില്‍ കൊണ്ടെന്നും തുടര്‍ന്ന് അവിടെ നിന്ന് രക്ഷപെട്ടെന്നുമാണ് മൊഴി. എന്നാല്‍ ഇത് മുഖവിലക്കെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത തോക്കില്‍ നിന്ന് തന്നെയാണോ വെടിയുതിര്‍ത്തത്, മറ്റൊരു തോക്കുകൂടിയുണ്ടോ, എത്ര അകലത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത് എന്നീ കാര്യങ്ങള്‍ കണ്ടെത്താല്‍ ആയുധ വിദഗ്ധന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ഇവര്‍‍ക്കെതിരെ നരഹത്യാക്കുറ്റവും ചുമത്തി.