കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഢലം കാര്യവാഹകായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കഴിഞ്ഞ മെയ് പന്ത്രണ്ടിനാണ് രാമന്തളി കക്കംപാറ സ്വദേശിയും ആര്‍ എസ് എസ് മണ്ഡലം കാര്യവാഹകുമായ ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം രാമന്തളിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.
രാമന്തളി മൊട്ടക്കുന്ന് സ്വദേശികളായ നൈജു, ബിജിലേഷ് എന്നിവരാണ് കേസില്‍ ഇന്ന് പിടിയിലായത്. ഇവര്‍ രണ്ടുപേരും പ്രദേശിക സിപിഎം പ്രവര്‍ത്തകരാണെന്നു പോലീസ് പറയുന്നു. ഇതില്‍ ബിജിലേഷ്, ബിജുവിനെ കൊലപ്പടുത്താനായി ഇന്നോവാ കാറിലെത്തിയ സംഘത്തിലുണ്ടായിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന കുറ്റമാണ് നൈജുവിനെതിരെ ചുമത്തിയരിക്കുന്നത്.
ആകെ 12 പ്രതികളുള്ള കേസില്‍ ഇതോടെ ഒരാളൊഴികെ എല്ലാവരും പോലീസിന്റെ പിടിയിലായി ഇയാള്‍ വിദേശത്തേക്കു കടന്നതായാണ് സൂചന. ഇയാള്‍ക്കായി അന്വേഷണസംഘം ഉടന്‍ വിദേശത്തേക്ക് തിരിക്കും. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും, പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
