കോഴിക്കോട്: കോഴിക്കോട് വട്ടോളിയില്‍ കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെയാണ് കാറിടിച്ച് തെറിപ്പിച്ചത്. മരിച്ച കുട്ടികളുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വൈകിട്ട് മൂന്ന് മണിയോടെ വട്ടോളി നാഷണല്‍ സ്‌കൂളിന് സമീപമായിരുന്നു അപകടം. റോഡരികിലൂടെ പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെയാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചത്. നാഷണല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആതില്‍ ചന്ദ്രന്‍, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും മൊകേരി സ്വദേശികളാണ്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികളെ ഇടിച്ച ശേഷം മറ്റൊരു ബൈക്കിലിടിച്ചു. പിന്നീട് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. കാറിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാറോടിച്ച പതിനെട്ടുവയസ്സുകാരന്‍ കക്കട്ടില്‍ സ്വദേശി ഫാസിലിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ലൈസെന്‍സ് കിട്ടിയിട്ട് ദിവസങ്ങളേ ആയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടി പൊലീസ് കേസ്സെടുത്തു.