ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അവാമിയയില്‍ അജ്ഞാതരുടെ വെടിയേറ്റ് രണ്ട്പേര്‍ മരിച്ചു. ഒരു പാകിസ്ഥാനിയും ഒരു സ്വദേശി ബാലനുമാണ് മരിച്ചത്.വെടിവെപ്പില്‍ ഇന്ത്യക്കാരനുള്‍പ്പടെ പത്ത് പേര്‍ക്കു പരുക്കേറ്റു. അവാമിയയിലെ അല്‍മസൂറ സ്ട്ട്രീറ്റ് നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം അജ്ഞാതരായ ചിലര്‍, ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും നേരേ വെടിവെച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി വന്ന് സംഘമാണ് ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേയും, കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ വന്ന ജീവനക്കാര്‍ക്കെതിരെയും വഴിയാത്രക്കാര്‍ക്ക് നേരേയും സംഘം തുടര്‍ച്ചയായി വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരു ന്നുവെന്നു മന്ത്രാലയം അറിയിച്ചു.

വെടിവെയ്പ്പില്‍ രണ്ട് വയസുള്ള സ്വദേശി ബാലനും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടു. പത്ത് പേര്‍ക്കു പരിക്കു പറ്റുകുയം ചെയ്തു. പരിക്കേറ്റവരില്‍ ആറു പേര്‍ സ്വദേശികളാണ്.ഇവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടും. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനും ഒരു സുഡാനിയും രണ്ട് പാകിസ്ഥാനികളും ഉള്‍പ്പെടും. പരിക്കേറ്റ ഇന്ത്യക്കാരന്റെ നില ഗുരുതരമാണ്.കൂടാതെ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കു പറ്റി.