ഉത്തര്‍പ്രദേശിലെ സാഹ്റാന്‍പൂരില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. വെള്ളിയാഴ്ച്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

സിറ്റി എസ്.പി സഞ്ജയ് സിങ്, റൂറല്‍ എസ്.പി റഫീഖ് അഹമ്മദ് എന്നീ വരെയാണ് സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ദളിതരും ധാക്കൂര്‍ സമുദായവും തമ്മില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടേ 25 വാഹനങ്ങള്‍ കലാപത്തിനിടെ അഗ്നിക്കിരയായത്. കഴിഞ്ഞ ദിവസം പോലീസ് എയിഡ് പോസ്റ്റിനു നേരെയും അക്രമണം ഉണ്ടായി.

അക്രമസംഭവങ്ങളില്‍ ഇരയാക്കപ്പെട്ട സാധാരണക്കാര്‍ക്ക് നഷ്‌ടപരിഹാരവും മറ്റു ആവശ്യങ്ങളും ഉന്നയിച്ച് ദളിത് സംഘടന ചൊവ്വാഴ്ച്ച ഗാന്ധി പാര്‍ക്കില്‍ നടത്തിയ മഹാപഞ്ചായത്ത് അതിക്രമത്തിലാണ് കലാശിച്ചത്. അക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എന്നാല്‍ ജില്ലാ ഭരണകൂടം മഹാപഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ലെന്ന് സീനിയര്‍ എസ്.പി സുബാഷ് ചന്ദ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തില്‍ നിരവധി സംഘര്‍ഷങ്ങളാണ് സാഹ്റാന്‍പൂരില്‍ റിപ്പോര്‍ട്ട് ചെയ്യതിരിക്കുന്നത്.