ആഴ്ചകൾ പിന്നിട്ടിട്ടും പണം ലഭ്യമാക്കുകയോ നടപടികളുണ്ടാവുകയോ ചെയ്തില്ലെന്ന് ഇന്നലെ സമീൽ കൗൺസിലിന്‍റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.
കോഴിക്കോട്: പാര്പ്പിട നവീകരണ പദ്ധതിയുടെ ഗഡു നൽകാതെ വീട്ടമ്മയെ ബുദ്ധിമുട്ടിച്ച സംഭവത്തിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്യാന് കോഴിക്കോട് നഗരസഭ കഴിഞ്ഞ കൗണ്സില് യോഗത്തിലെടുത്ത തീരുമാനം ആഴ്ചകൾ കഴിഞ്ഞിട്ടും നടപ്പായില്ല. ഇന്ന് നടന്ന നഗരസഭ കൗൺസിലിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നടപടികളെപ്പറ്റി ആരാഞ്ഞപ്പോഴാണ് കടലാസുകൾ നീങ്ങിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇത് സംബന്ധിച്ച് മേയറുടെ ഉത്തരവ് രേഖാമൂലം കിട്ടിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടർന്ന് കൗൺസിൽ യോഗത്തിൽ മേയർ ഉദ്യോഗസ്ഥരോട് നടപടിയെടുക്കാത്തത് സംബന്ധിച്ച് ഉടൻ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ മുസ്ലിംലീഗ് അംഗം എസ്.വി. മുഹമ്മദ് ഷമീൽ ശ്രദ്ധക്ഷണിച്ചതിനെ തുടർന്നാണ് മേയർ ജീവനക്കാരിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും പണം ലഭ്യമാക്കുകയോ നടപടികളുണ്ടാവുകയോ ചെയ്തില്ലെന്ന് ഇന്നലെ സമീൽ കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. നഗരസഭ കുടുംബശ്രീ സെക്ഷൻ ക്ലാർക്കിനെ സസ്പെൻഡ് ചെയ്യാനായിരുന്നു മേയറുടെ ഉത്തരവ്.
അരീക്കാട് വാര്ഡിലെ ടി. ആയിഷയുടെ അപേക്ഷ കോര്പറേഷന് ഉദ്യോഗസ്ഥര് അവഗണിച്ചെന്നൊയിരുന്നു പരാതി. 2016-17 സാമ്പത്തികവര്ഷത്തെ പാര്പ്പിട നവീകരണ പദ്ധതിയുടെ ആദ്യ ഗഡുവാണ് ഇവർക്ക് ഇതുവരെയും ലഭിക്കാത്തത്. ഇവർക്ക് അര്ഹമായ തുക ഉടന് അനുവദിക്കാന് നടപടി സ്വീകരിക്കാൻ മേയര് നഗരസഭ സെക്രട്ടറിക്ക് നിര്ദേശം നല്കി. രണ്ടു ഗഡുക്കളായി ലഭിക്കേണ്ട തുകയുടെ ആദ്യഗഡുപോലും ആയിഷക്ക് ലഭിച്ചിരുന്നില്ല. പലതവണ കോര്പറേഷന് ഓഫീസില് കയറിയിറങ്ങിയിട്ടും പരാതി കേള്ക്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് തയാറായില്ലെന്നും വലിയ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും മുഹമ്മദ് ഷമീല് ആരോപിച്ചു.
