പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ സി ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് അച്ഛന്‍റെ യൂണിഫോം അണിഞ്ഞ്. 

അരിയല്ലൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ സി ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന്‍ യാത്രാമൊഴി നല്‍കിയത് അച്ഛന്‍റെ യൂണിഫോം അണിഞ്ഞ്. ഭര്‍ത്താവിന്‍റെ യൂണിഫോം അണിഞ്ഞ മകന്‍ ശിവമുനിയനെ ചേര്‍ത്ത്‍പിടിച്ച ഗാന്ധിമതിയുടെ ദുഖം നാടിന്‍റെയും ദുഖമായി മാറുകയായിരുന്നു. ദേശീയപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടിയില്‍ താന്‍ ചുംബിച്ചതെന്തിനാണെന്ന് രണ്ടുവയസുകാരന് മനസിലായിരുന്നു.

സര്‍ക്കാര്‍ ബഹുമതികളോടെ തമിഴ്നാട്ടിലെ അരിയാലൂര്‍ ജില്ലയില്‍ ഇന്നലെയാണ് ശിവചന്ദ്രന്‍റെ മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അവധികഴിഞ്ഞ് ശിവചന്ദ്രന്‍ നാട്ടില്‍ നിന്നും ജമ്മുകാശ്മീരിലേക്ക് പോയത്. അവധിക്കെത്തിയിരുന്ന ശിവചന്ദ്രന്‍ ശബരിമല ദര്‍ശനത്തിനും എത്തിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തിലാണ് ശിവചന്ദ്രന്‍റെ സഹോദരന്‍ മരിച്ചത്. അതിന്‍റെ വേദനയില്‍ നിന്നും മോചിതരാകുന്നതിന് മുമ്പാണ് കുടുംബത്തെ കാത്ത് മറ്റൊരു ദുരന്തം എത്തിയത്.

മകന്‍റെ മരണ വാര്‍ത്ത പിതാവ് ചിന്നയ്യന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇനി നഴ്സ് ബിരുദധാരിയായ ഗാന്ധിമതിക്ക് ഒരു ജോലി നല്‍കണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം. കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരമായി 20 ലക്ഷം രൂപയുമാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.