ദുബായ്: ഓണ്‍ലൈന്‍ ഇലക്ട്രോണിക് ഗെയിമുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് യുഎഇ ടെലികമ്യൂണികേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. പോക്കിമോന്‍ ഗോ ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ ഹാക്കര്‍മാരുടെ ആക്രമണത്തിനും ചാരപ്രവര്‍ത്തനത്തിനും വിധേയമാകാന്‍ സാധ്യത കൂടുതലാണെന്നും ടിആര്‍എയുടെ അറിയിപ്പില്‍ പറയുന്നു.

ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷിത്വത്തിനും ഭീഷണിയാകാനിടയുള്ളതിനാലാണ് അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ഗെയിമുകള്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്നല്ലാതെ ഡൗണ്‍ലോഡ് ചെയ്യുന്നതു സുരക്ഷിതമല്ല. ഏറെ പ്രചാരമുള്ള പോക്കിമാന്‍ ഗോ ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ ഹാക്കര്‍മാരുടെ ആക്രമണത്തിനും ചാരപ്രവര്‍ത്തനത്തിനും വിധേയമാകാന്‍ സാധ്യത കൂടുതലാണു.ഉപയോക്താവ് ഒറ്റപ്പെട്ട സ്ഥലത്താണോയെന്നു മനസ്സിലാക്കി കവര്‍ച്ചയും ആക്രമണവും നടത്താന്‍ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇതു സഹായകരമാകുമെന്നും ടിആര്‍എ ഡയറക്ടര്‍ മുഹമ്മദ് അല്‍ സറൂനി പറഞ്ഞു.

ഹാക്കര്‍മാര്‍ വ്യക്തിയെകുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുന്നതോടെ സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം നിലപ്പിച്ച് ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്താന്‍ ഉപയോക്താവ് ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അറിവു നല്‍കുന്നതിലേറെ ഇത്തരം ഗെയിമുകളില്‍ ചതിക്കുഴകള്‍ ഉള്ളതിനാല്‍ കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികളില്‍ രക്ഷിതാക്കള്‍ക്ക് ശര്ദ്ധവേണമെന്നും ടെലികമ്യൂണികേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.