കൊച്ചി പാലാരിവട്ടത്ത് ഊബര്‍ ഓഫീസിനു മുന്നില്‍ ഡ്രൈവര്മാര്‍ 4 ദിവസം മുമ്പ് തുടങ്ങിയ അനിശ്ചിതകാല സമരത്തിനിടെയാണ് നവാസ് പൊന്നാനി എന്ന ഡ്രൈവര്‍ പെട്ടെന്ന് തൊട്ടടുത്തുളള ബഹുനില കെട്ടിടത്തിലേക്ക് ഓടിക്കയറിയത്. ശരീരം മുഴുവൻ ഡീസലൊഴിച്ച് നവാസ് കെട്ടിടത്തിനു മുകളില്‍ നിലയുറപ്പിച്ചു. ആശങ്കയോടെ സഹപ്രവര്‍ത്തകര്‍ താഴെയും.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‍സും സ്ഥലത്തെത്തി നവാസിനെ അനുനയിപ്പിക്കാൻ പരമാവധി ശ്രമിച്ചു. മാനേജ്മെൻറ് നിലപാട് തിരുത്തിയില്ലെങ്കില്‍ താഴെയിറങ്ങില്ലെന്ന വാശിയില്‍ നവാസിരുന്നു. ഒടുവില്‍ യൂബര്‍ മാനേജ്മെൻറ് പ്രതിനിധികളും പൊലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ തീരുമാനമായി. തുടര്‍ന്ന് 2 മണിക്കൂറിനൊടുവില്‍ നവാസ് താഴെയിറങ്ങി.

കൂടുതല്‍ ടാക്സികള്‍ യൂബറുമായി കരാര്‍ ഒപ്പിടുന്നതു മൂലം നിലവിലെ ഡ്രൈവര്‍മാര്‍ക്ക് വരുമാനം പകുതിയായി കുറഞ്ഞിരിക്കുകയാണ്. യൂബര്‍ ഡ്രൈവര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്നാവശ്യ്പപെട്ട് വരുംദിവസങ്ങളില്‍ സമരം ശക്തമാക്കും.