യൂബർ ടെക്‌നോളജീസിന്റെ ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരൻ നിയമിതനായി.

കൊച്ചി: സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബർ ടെക്‌നോളജീസിന്റെ ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരൻ നിയമിതനായി. യൂബറിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവർത്തനങ്ങൾക്ക് പ്രദീപ് നേതൃത്വം നൽകുമെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേധാവി അമിത് ജെയിൻ അറിയിച്ചു.

മൂന്ന് വർഷമായി അമിത് ജെയിനായിരുന്നു യൂബറിന്‍റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹത്തിന് ഏഷ്യ പസഫിക്കിന്റെ ചുമതല ലഭിച്ചതോടെയാണ് പ്രദീപിന് നറുക്ക് വീഴുന്നത്. പ്രദീപിനെ ഇന്ത്യ - ദക്ഷിണേഷ്യ പ്രസിഡന്‍റായി തെരഞ്ഞെടുത്തുകൊണ്ടുള്ള അമിത് ജെയിന്‍റെ കത്ത് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ മെമ്പർമാർക്ക് ലഭിച്ചത്. അപെക്ക് രാജ്യങ്ങളുടെ (ഓസ്ട്രേലിയ, ന്യൂസ്ലാന്‍റ്, വടക്കന്‍ ഏഷ്യ) ചുമതലയാണുള്ളത്. 

2017 ജനുവരിയിലാണ് പ്രദീപ് ഡെന്‍ നെറ്റ് വർക്ക്സിന്‍റെ സിഇഒയായി ചുമതലയേറ്റെടുക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ടാക്സി സേവനത്തിന് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി അവതരിപ്പിച്ചത് അദ്ദേഹമാണ്. നേരത്തെ, ഹിന്ദുസ്ഥാൻ ലീവർ, മെക്കന്‍സി ആൻഡ് കമ്പനി, ഡെൻ നെറ്റ്‌വർക്സ് തുടങ്ങിയ കമ്പനികളില്‍ പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. 

ഗതാഗത രംഗത്ത് സുപ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് പ്രദീപ് പറഞ്ഞു. മലിനീകരണം കുറഞ്ഞ, ട്രാഫിക് കുറഞ്ഞ, പാർക്കിങ്ങിന് അധികം സ്ഥലം ആവശ്യമില്ലാത്ത ഒരു ഭാവി, വരും തലമുറയ്ക്ക് സമ്മാനിക്കുകയാണ് യൂബറിലൂടെ താൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആസ്ഥാനമായ യൂബർ, ഇന്ത്യയിലെ എതിരാളികളായ ഒല കാബ്‌സിനെ ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രദീപ് കമ്പനിയുടെ തലപ്പത്തെത്തുന്നത്. കവിതയാണ് പ്രദീപിന്റെ ഭാര്യ. മക്കൾ: യാജ്, യാഗിനി.