ആറു പൊലീസുകാര്‍ പ്രതികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ കസ്റ്റഡി മരണമായിരുന്നു ഫോ‍ർട്ട് സ്റ്റേഷനിലെ ഉദയകുമാറിൻറെ കൊലപാതകം. ആള്‍മാറാട്ടവും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റവുമെല്ലാം കേസിനെ വിവാദത്തിലാക്കി. 2005 സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഉദയകുമാറിനെയും സുഹൃത്ത് സുരേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

മോഷണ കുറ്റമാരോപിച്ചായിരുന്നു നടപടി. ഫോ‍ർട്ട് സിഐയുടെ സ്വകാഡിൽപ്പെട്ട പൊലീസുകാരായ ജിതകുമാറും ശ്രീകുമാറും ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നാണ് ഇരുവരയെും കസ്റ്റഡിയിലെടുക്കുന്നത്. അതിന് ശേഷം രാത്രി 11.40ന് മരിച്ച നിലയിലാണ് ഉദയകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്.

മരണം സംഭവിച്ചതോടെ ലോക്കൽ പൊലീസ് അന്വേഷണം ഏറ്റെടുത്തു. പ്രതികളായ ജിതകുമാർ, ശ്രീകുമാർ, ജിഡി ചാർജ്ജായ എഎസ്ഐ സോമൻ എന്നിവരെ ഒക്ടോബർ മൂന്ന്, അഞ്ച് തീയതികളില്‍ അറസ്റ്റ് ചെയ്തു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാൻ ഡമ്മി പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വിവാദമായി.

ആള്‍മാറാട്ടം ചർച്ചയായതിന് പിന്നാലെ ഒക്ടോബർ ആറിന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. 2006 മാർച്ചിൽ മൂന്നു പൊലീസുകാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2006 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ വിചാരണ ആരംഭിച്ചു. ഉദയകുമാറിനെതിരെ കേസെടുത്ത് എഎസ്ഐ രവീന്ദ്രൻനായരെയും കോടതി നേരിട്ട് പ്രതിയാക്കി.

34 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ, ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറി. ഇതോടെ 
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. 2007ൽ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറി. കൊലക്കേസ് മാത്രമല്ല, ഉദയകുമാറിനെതിരെ ഫോർട്ട് പൊലീസെടുത്ത് മോഷണ കേസും വ്യാജമെന്ന് സിബിഐ കണ്ടെത്തി.

ഈ കേസിൽ വീണ്ടും പൊലീസുകാരെ 2009 ഏപ്രില്‍ 21ന് അറസ്റ്റ് ചെയ്തു. ​കൊലപാതകത്തിനും വ്യാജരേഖ ചമച്ചതിനുമായി രണ്ടു കുറ്റപത്രങ്ങള്‍ 2010 സെപ്റ്റംബര്‍ ഒമ്പതിന് എറണാകുളം സിബിഐ കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. 2011ൽ കേസ്​ തിരുവനന്തപുരം സിബിഐ കോടതിയിലേക്ക് മാറ്റി കൊലക്കേസിലെ ആറാം പ്രതിയായ മോഹനനെ കോടതി ഒഴിവാക്കി.

ആറു പൊലീസുകാരെ സിബിഐ മാപ്പു സാക്ഷിയാക്കി. കിടപ്പിലായ കേസിലെ പ്രതി ജോർജ്ജിനെയും സിബിഐ വിചാരണയിൽ നിന്നും ഒഴിവാക്കി. രണ്ടു കുറ്റപത്രങ്ങളും ഒന്നാക്കി ആറു പ്രതികള്‍ക്കെതിരെ വിചാരണ നടത്താൻ 2014ൽ കോടതിയുടെ തീരുമാനം വന്നു. കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ രണ്ട് തവണ വിചാരണ തടസ്സപ്പെട്ടു. 

ഒടുവിൽ 2017 നവംബർ മുതൽ ആരംഭിച്ച വിചാരണ നടപടികള്‍ ഇന്നലെ വരെ നീണ്ടു നിന്നു. ഇതിനിടെ മൂന്നാം പ്രതി സോമൻ മരിച്ചു. വരാപ്പുഴ ശ്രീജിത്തിൻറെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണ വേണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുമ്പോഴാണ് 13 വർ‍ഷം മുമ്പുള്ള കസ്റ്റഡി കേസിൽ വിധി വരുന്നത്. 

പ്രതികള്‍

1. കെ.ജിതകുമാർ

2.എസ്.വി.ശ്രീകുമാർ

3.കെ.വി.സോമൻ

4.ഡിവൈഎസ്പി ടി.അജിത് കുമാർ

5. മുൻ എസ്പി. ഇ.കെ.സാബു

6. മുൻ എസ്പി. ടി.കെ.ഹരിദാസ്

മാപ്പുസാക്ഷികള്‍

രവീന്ദ്രൻനായർ, തങ്കമണി, ഹീരാ ലാൽ, ഷീജ കുമാരി, രാമചന്ദ്രൻ, സജിത