യുഡിഎഫിന്‍റെ ജനകീയ മെട്രോ യാത്ര സംഘാടകര്‍ക്ക് എതിരെ കെഎംആര്‍എല്‍ പൊലീസില്‍ പരാതി നല്‍കും. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. തെളിവായി സിസിടിവി ദൃശ്യങ്ങളും കൈമാറും.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ജനകീയ മെട്രോ യാത്ര നടത്തിയത് മെട്രോ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കെഎംആര്‍എല്‍ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആലുവയിലെയും പാലാരിവട്ടെത്തെയും പൊലീസ് സ്റ്റേഷനുകളില്‍ മെട്രോ സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍ പരാതി നല്‍കുന്നത്. ജനകീയ മെട്രോ യാത്ര ആരംഭിച്ച ആലുവ സ്റ്റേഷനിലും യാത്ര അവസാനിപ്പിച്ച പാലാരിവട്ടം സ്റ്റേഷനിലുമാണ് ചട്ടലംഘനങ്ങള്‍ കൂടുതല്‍ നടന്നതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണിത്. തെളിവായി പൊലീസിന് ട്രെയിനിലെയും സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങളും കൈമാറും. ചട്ടലംഘനം നടത്തിയ കണ്ടാലറിയുന്നവര്‍ക്ക് പുറമേ യാത്ര സംഘടിച്ച എറണാകുളം ഡിസിസി പ്രസിഡന്‍റ് അടക്കമുള്ളവര്‍ക്ക് എതിരെയാകും കെഎംആര്‍എല്ലിന്‍റെ പരാതി.
മെട്രോ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഇരുപതിനായിരുന്നു യുഡിഎഫ് പ്രവര്‍ത്തകരുടെ ജനകീയ മെട്രോ യാത്ര. ഈ യാത്രയ്‌ക്കായി യുഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ച് എത്തിയത് മെട്രോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കെഎംആര്‍എല്‍ കണ്ടെത്തിയിരുന്നു. ട്രെയിനില്‍ പ്രവര്‍ത്തകരെ കുത്തിനിറച്ച് യാത്ര നടത്തിയത് മെട്രോ നിയമങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തി. ഇതനുസരിച്ച് കുറ്റക്കാര്‍ക്ക് എതിരെ 2002ലെ മെട്രോ ആക്ട് അനുസരിച്ച് നടപടി എടുക്കണമെന്നാണ് ആവശ്യം. പൊലീസ് കേസുമായി മുന്നോട്ട് പോയാല്‍ കുറ്റക്കാര്‍ക്ക് ആയിരം രൂപ പിഴയോ ഒരു വര്‍ഷം വരെ തടവോ ശിക്ഷ ലഭിക്കാം.
