എല്ലാ മേഖലയിലും തകര്‍ന്ന് തരിപ്പണമായി യുഡിഎഫ് മാണിയും തുണച്ചില്ല ഏറ്റുവാങ്ങിയത് സമ്പൂര്‍ണ തോല്‍വി

ചെങ്ങന്നൂര്‍: സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ തേച്ചു മിനുക്കി പോരാട്ടം നടത്താന്‍ ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും ചെങ്ങന്നൂരില്‍ അടിപതറി യുഡിഎഫ് നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരയാണ് ചോദ്യശരങ്ങള്‍ ഉയരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പും പിമ്പുമെല്ലാം അനുകൂല കാറ്റ് യുഡിഎഫ് പാളയത്തിലേക്കായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അനേകം വിവാദങ്ങള്‍ ഡി. വിജയകുമാറിന്‍റെ വിജയസാധ്യതകള്‍ വര്‍ധിപ്പിച്ചു. ഉപതെരഞ്ഞടുപ്പുകളിലെയും മണ്ഡലത്തിലെയും മുന്‍ ചരിത്രങ്ങളും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതായിരുന്നു. പക്ഷേ, ഇതെല്ലാം വോട്ട് എണ്ണി തുടങ്ങുന്നതു വരെ മാത്രമേ യുഡിഎഫിനെ തുണച്ചുള്ളൂ. തപാല്‍ വോട്ടില്‍ ലഭിച്ച മേല്‍ക്കെെ അവസാനം വരെ നിലനിര്‍ത്തി സജി ചെറിയാന്‍ വിജയം നുകരുമ്പോള്‍ യുഡിഎഫ് സംഘടന സംവിധാനം വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തന്നെ വിലയിരുത്തലാണ് ശരിയാകുന്നത്.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 67,303 വോട്ടുകളാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്‍ നേടിയത്. ഡി. വിജയകുമാറിന് 46,347 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 35,270 വോട്ടാണ് പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ചത്. 20,956 വോട്ടിന്‍റെ ഭൂരിപക്ഷം നേടി സജി ചെറിയാന്‍ റെക്കോര്‍ഡ് വിജയമാണ് ചെങ്ങന്നൂരില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ചത് 52,880 വോട്ടാണ്. രണ്ടാം സ്ഥാനത്ത് എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയായിരുന്ന പി.സി. വിഷ്ണുനാഥിന് 44,897 വോട്ടും മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടും ലഭിച്ചു. 

സമ്പൂര്‍ണ പരാജയം

കഴിഞ്ഞ വട്ടം തോല്‍വിയേറ്റ് വാങ്ങിയപ്പോള്‍ പോലും അടിപതറാതെ കാത്ത പഞ്ചായത്തുകളില്‍ പോലും പിന്നിലായ പോയത് യുഡിഎഫിനെ ഞെട്ടിച്ചിരിക്കുകയാണ്. പാണ്ടനാട് പഞ്ചായത്തും ചെങ്ങന്നൂര്‍ നഗരസഭയും കെെവിട്ടത് പ്രവര്‍ത്തകരെ പോലും അമ്പരിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ, ചെന്നിത്തലയിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പഞ്ചായത്തിലും പിന്നിലായി പോയത് സംഘടന സംവിധാനം പാളിയെന്നതിനുള്ള തെളിവാണ്. എല്ലാ പഞ്ചായത്തിലും വ്യക്തമായ മുന്‍തൂക്കമാണ് എല്‍ഡിഎഫ് നേടിയെടുത്തത്. 

വോട്ടെടുപ്പ് ദിനം വരെ നീണ്ട വിവാദങ്ങള്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് ദിനത്തില്‍ പോലും എല്‍ഡിഎഫിനെ വലയ്ക്കുന്ന ആരോപണ ശരങ്ങളാണ് ഉയര്‍ന്നത്. കോട്ടയത്തെ കെവിന്‍റെ മരണത്തെ
തുടര്‍ന്ന് നിഷ്ക്രിയമായി പെരുമാറിയ പോലീസിനെതിരെയും ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊതു സമൂഹത്തില്‍ രോഷം
പുകയുന്നതിനിടെയാണ് ചെങ്ങന്നൂരുകാര്‍ പോളിംഗ് ബൂത്തിലേക്ക് പോയത്.

എന്നാല്‍, ഈ സംഭവം പോലും ഉയര്‍ത്തി കാണിച്ച് സര്‍ക്കാര്‍ പരാജയമാണെന്നുള്ള യുഡിഎഫ് വാദം ജനങ്ങളിലേക്കെത്തിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു എറണാകുളം വരാപ്പുഴ ദേവസ്വംപാടത്തെ കസ്റ്റഡി മരണം. ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ക്രൂരമായ കസ്റ്റ‍ഡി മരണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ശ്രീജിത്തിനെ ആളു മാറിയാണ് കസ്റ്റഡിയിലെടുത്തത് എന്നതു കൂടെ തെളിഞ്ഞതോടെ കാര്യങ്ങള്‍ സിപിഎമ്മിന്‍റെ കെെവിട്ടു പോയി. സിപിഎം സംസ്ഥാന സെക്രട്ടറി വരാപ്പുഴയില്‍ വിശദീകരണ യോഗം വിളിച്ചു ചേര്‍ക്കേണ്ട അവസ്ഥ പോലുമുണ്ടായി. മുഖ്യമന്ത്രി ശ്രീജിത്തിന്‍റെ വീട്ടില്‍ പോകാതിരുന്നതും കേരളം ചര്‍ച്ച ചെയ്തു. പക്ഷേ, ചെങ്ങന്നൂരില്‍ ഈ വിഷയങ്ങളെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയെങ്കിലും അതൊന്നും വോട്ടിലേക്കെത്തിയില്ല.

മാണി വന്നിട്ടും കാര്യമുണ്ടായില്ല, പക്ഷേ ശോഭന

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതിനൊപ്പം നിന്ന കേരള കോണ്‍ഗ്രസും കെ.എം. മാണിയും ചരല്‍ക്കുന്ന് യോഗത്തിലെ തീരുമാനങ്ങളെല്ലാം മറന്ന് വീണ്ടും യുഡിഎഫിനൊപ്പം പോയതിനും ചെങ്ങന്നൂര്‍ അങ്കം സാക്ഷിയായി. ഇത് ആകെ കണക്കില്‍ ഡി. വിജയകുമാറിനെ സഹായിച്ചിട്ടില്ലെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് കണക്കുകളില്‍ വ്യക്തമാകുന്നത്.

മാണിയുടെ സഹായം തേടിയാല്‍ എല്‍ഡിഎഫിന്‍റെ ഉള്ള വോട്ട് കൂടെ പോകുമെന്നുള്ള സിപിഐ അടക്കമുള്ളവരുടെ വാദങ്ങളും തെരഞ്ഞെടുപ്പ് ഫലം ശരിവെയ്ക്കുന്നു. പക്ഷേ, ഇടതു മുന്നണിക്ക് പ്രതീക്ഷിച്ചതലധികം വോട്ട് ലഭിച്ചതോടെ താരമായത് ശോഭന ജോര്‍ജാണ്. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിന്നപ്പോള്‍ തനിക്ക് ലഭിച്ച വോട്ട് എല്‍ഡിഎഫിന്‍റെ വിജയത്തില്‍ നിര്‍ണായകമായെന്നുള്ള വിലയിരുത്തലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന ഫലമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തേക്കു എത്തിയ ശോഭന ജോര്‍ജ് പ്രചാരണ വേദികളില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 

സാഹചര്യങ്ങള്‍ മനസിലാക്കിയില്ല

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ സമ്പൂര്‍ണ വിജയത്തിന്‍റെ ആത്മവിശ്വാസം വലിയ തിരിച്ചടിയാണ് യുഡിഎഫിന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മലപ്പുറത്തെയും വേങ്ങരയിലെയും അവസ്ഥയല്ല ചെങ്ങന്നൂരിലെന്ന് യുഡിഎഫ് സംഘടന സംവിധാനം മനസിലാക്കിയില്ല. മലപ്പുറത്തും വേങ്ങരയിലും മുസ്ലിം ലിഗിന് വ്യക്തമായ മേല്‍ക്കെെയുണ്ടെന്ന് എതിരാളികള്‍ പോലും സമ്മതിച്ചു തരുന്ന സ്ഥലങ്ങളായിരുന്നു. പക്ഷേ, തങ്ങളുടെ കോട്ട എന്ന് വിശേഷിക്കുമ്പോള്‍ പോലും കഴിഞ്ഞ തവണ കെ.കെ. രാമചന്ദ്രന്‍ നായര്‍ ജയിച്ച മണ്ഡലമാണെന്നതും യുഡിഎഫ് വിസ്മരിച്ചു. 

പ്രതിപക്ഷം പരാജയമാകുന്നു

സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങള്‍ പൊതു സമൂഹത്തില്‍ ഉയര്‍ത്തി നിര്‍ത്താന്‍ സാധിക്കാതെ പോകുന്നതാണ് ചെങ്ങന്നൂരിലെ വമ്പന്‍ പരാജയത്തിന്‍റെ കാരണമെന്നാണ് യുഡിഎഫിന്‍റെ ആദ്യ വിലയിരുത്തലുകള്‍. ഭരണ പരാജയങ്ങളുണ്ടാകുമ്പോള്‍ പ്രക്ഷോഭങ്ങള്‍ നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെങ്ങന്നൂരിലെ വിജയം ആത്മവിശ്വാസം ഉയര്‍ത്താനും ആയുധമാക്കാനും സാധിക്കുമെന്ന ചിന്ത പ്രവര്‍ത്തകരിലേക്കെത്തിക്കാനും പറ്റിയില്ല. സര്‍ക്കാര്‍ പ്രതികൂല സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും ചെങ്ങന്നൂരില്‍ വിജയം നേടാന്‍ സാധിക്കാതെ പോയതോടെ കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇത് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് എം.എം. ഹസന്‍റെയും മറ്റു പലരുടെയും കസേരയുടെ കാലാവധിയും കയ്യാലപ്പുറത്താക്കിയിട്ടുണ്ട്.