ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ,വി എം സുധീരന്‍ എന്നീ മൂന്ന് നേതാക്കള്‍ മൂന്നു ധ്രുവങ്ങളിലാണ്. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ചേരാന്‍ പോലും പറ്റാത്ത സ്ഥിതി. ഒപ്പം പ്രതിപക്ഷം ദുര്‍ബ്ബലമാണെന്ന വിമര്‍ശനങ്ങള്‍. ഈ സാഹചര്യത്തിലാണ് ഘടകകക്ഷികളുടെ കൂടി ആവശ്യം പരിഗണിച്ച് യുഡിഎഫ് യോഗം ചേരുന്നത്. 

രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് അസൗകര്യം പറഞ്ഞ ഉമ്മന്‍ചാണ്ടി അവസാന വട്ട അനുനയ ശ്രമങ്ങളെത്തുടര്‍ന്ന് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്തതില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ് . ഇതിലുള്ള കടുത്ത വിമര്‍ശനം ലീഗടക്കമുള്ള കക്ഷികള്‍ യോഗത്തിലുന്നയിക്കും. ഗ്രൂപ്പ് പോരില്‍ പക്ഷം പിടിക്കാനില്ലെങ്കിലും മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയിലെ തര്‍ക്കം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാടാണ് എല്ലാ കക്ഷികള്‍ക്കും. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷമുയരുന്ന വേളയില്‍ അത് മുതലാക്കാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ലെന്ന വിമര്‍ശനവും യോഗത്തിലുണ്ടാകും. പ്രതിപക്ഷം ദുര്‍ബ്ബലമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് നോട്ട് പ്രതിസന്ധി, റേഷന്‍ സ്തംഭനം തുടങ്ങിയ വിഷയങ്ങളില്‍ സമരപരിപാടിക്കും യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും.