തിരുവനന്തപുരം: എല്ലാവര്‍ക്കും വീടും ഭക്ഷണവും ആരോഗ്യവുമെന്ന വാഗ്ദാനവുമായി യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കരുതല്‍ വികസന പരിപാടികളുടെ തുടര്‍ച്ചയ്‌ക്കാണ് ഊന്നല്‍ .സര്‍ക്കാരിന്റെ ഭൂമി ഉത്തരവുകള്‍ വിവാദമായെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംരക്ഷിക്കുമെന്നാണ് പ്രകടന പത്രിക വാഗ്ദാനം.

അഞ്ചുവര്‍ഷം കൊണ്ട് വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി ഭവന ബംപര്‍ ലോട്ടറി തുടങ്ങും .മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കും ഭവന നിര്‍മാണ പദ്ധതി .
എല്ലാ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്. 65 വയസു കഴിഞ്ഞവര്‍ക്ക് അംഗന്‍വാടി വഴി ഉച്ചഭക്ഷണം നല്‍കും. എ.പി.എല്ലുകാര്‍ക്ക് നല്‍കുന്ന അരിയുടെ വില ഏട്ട് രൂപയില്‍ നിന്ന് ഏഴാക്കും. വയോജന പെന്‍ഷനും കര്‍ഷക പെന്‍ഷനും ആയിരം രൂപയാക്കും.നിരാലംബരായ പ്രവാസികള്‍ക്കും പെന്‍ഷന്‍ നല്‍കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ്. ബി.പി.എല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ പേരില്‍ ഭാഗ്യ ലക്ഷ്മി എന്ന പേരില്‍ നിക്ഷേപ പദ്ധതി. എട്ടാം ക്ലാസില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സൈക്കിള്‍ നല്‍കും.

വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് പ്രത്യേക വകുപ്പുണ്ടാക്കുമെന്നാണ് വാഗ്ദാനം. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ നടപ്പാക്കും .കൃഷി നാശം സംഭവിച്ചവര്‍ക്ക് ആശ്വാസത്തിനായി ബമ്പര്‍ ലോട്ടറി തുടങ്ങും. കൃത്യമായി തിരിച്ചടയ്‌ക്കുന്ന കാര്‍ഷിക വായ്പയ്‌ക്ക് പലിശയിളവ്.റബര്‍

ഏലം കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. എല്ല ജില്ലകളിലും സ്റ്റാര്‍ട് അപ്പ് വില്ലേജുകളുണ്ടാക്കും .ഐ.ടി കയറ്റുമതി ഒരു ലക്ഷം കോടിയാക്കും. മെട്രോ,ലൈറ്റ് മെട്രോ, സബര്‍ റയില്‍,വന്‍കിട പദ്ധതികള്‍ എന്നിവ പൂര്‍ത്തിയാക്കും . വികസനത്തിന്റെ പേരിലെ വയല്‍ നികത്തലും കുന്നിടിക്കലും തടയും. കുന്നുകളെയും മലകളെയും സംരക്ഷിക്കാന്‍ നിയമമുണ്ടാക്കും.വനവും തണ്ണീര്‍ത്തടവും സംരക്ഷിക്കും.സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിയും കൈക്കൂലിയും കര്‍ശനമായി നിയന്ത്രിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം.