തിരുവനന്തപുരം: കെ എം മാണിയുടെ കാര്യത്തില്‍ യു ഡി എഫ് നിലപാട് മയപ്പെടുത്തി. തല്‍ക്കാലത്തേയ്ക്ക് മാണിയുമായി ഒരു കൂട്ട്‌കെട്ടും വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചു. ഭാവിയിലെ ബന്ധങ്ങളെ പ്രവചിക്കാനാവില്ലെന്ന് മുന്നണി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കെ എം മാണിയുമായും മകന്‍ ജോസ് കെ മാണിയുമായും ഇനി ഒരു കൂട്ടുകെട്ടും വേണ്ടെന്ന് കെ പി സി സിയോട് ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോട്ടയം ഡി സി സി പ്രമേയം പാസാക്കിയത്. പക്ഷേ രാഷ്ട്രീയകാര്യ സമിതിയോടെ തല്‍ക്കാലത്തേയ്ക്ക് കൂട്ടുകെട്ട് വേണ്ടെന്ന മയപ്പെട്ട നിലപാടിലേയ്ക്ക് മാറി. ഇപ്പോഴത്തെ കടുത്ത നിലപാട് തുടരാം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് മാണിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ആലോചിക്കാമെന്നും ധാരണയായി.

മാണിയുമായി തല്‍ക്കാലം കൂട്ടുകെട്ടു വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ ഘടകക്ഷികളെല്ലാം പിന്തുണച്ചു. ഇതിനിടെ കെ.എം മാണിയെ യു.ഡി.എഫിലെത്തിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ ആവശ്യപ്പെട്ടു. ഇതോടെ മാണി വിഷയത്തില്‍ കോണ്‍ഗ്രസിലും യു ഡി എഫിലുമുള്ള അഭിപ്രായ വ്യത്യാസം പ്രകടമായി.