വോട്ടിങ് യന്ത്രത്തിലെ സാങ്കേതിക തകരാറ് മൂലം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വടക്കാഞ്ചേരിയില്‍ ഒടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര വിജയിച്ചു. എല്‍ഡിഎഫിലെ മേരി തോമസിനേക്കാള്‍ 43 വോട്ടിന്റെ ഭൂരിപക്ഷമാണ് അനിലിന് ലഭിച്ചത്. നേരത്തെ ഒരു ബൂത്തിലെ വോട്ടെണ്ണാന്‍ ബാക്കിയുണ്ടായിരുന്നപ്പോള്‍ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷമാണ് അനിലിനുണ്ടായിരുന്നത്. 960 വോട്ടുകളുണ്ടായിരുന്ന ഒരു വോട്ടിങ് യന്ത്രം പണിമുടക്കുകയായിരുന്നു. ഇതോടെ ഈ ബൂത്തില്‍ റീപോളിങ് നടത്തണമെന്ന ആവശ്യവുമായി എല്‍ഡിഎഫും തകരാറിലായ മെഷീനിലെ വോട്ട് തന്നെ എണ്ണണമെന്നാവശ്യപ്പെട്ട് യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിനിടെ രാത്രിയോടെ തകരാറ് പരിഹരിച്ച് വോട്ടെണ്ണുകയായിരുന്നു. അന്തിമ ഫലമനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര 65535 വോട്ടുകളും സിപിഎമ്മിലെ മേരി തോമസ് 65492 വോട്ടുകളും നേടി. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ഉല്ലാസ് ബാബു 26652 വോട്ടുകളാണ് നേടിയത്.