Asianet News MalayalamAsianet News Malayalam

വാണിമേല്‍ ഉടുമ്പിറങ്ങിമലയിലെ കരിങ്കല്‍ ഖനനം:  ഗ്രാമപഞ്ചായത്ത് നല്‍കിയ ഉത്തരവ് കലക്ടര്‍ റദ്ദാക്കി

udumbirangimala mining
Author
Vanimal, First Published Jul 22, 2016, 9:51 AM IST

കോഴിക്കോട്: വാണിമേല്‍ പഞ്ചായത്തിലെ ഉടുമ്പിറങ്ങിമലയില്‍ കരിങ്കല്‍ ഖനനം  നടത്താന്‍ ഗ്രാമപഞ്ചായത്ത് നല്‍കിയ ഉത്തരവ് ജില്ലാ കലക്ടര്‍ റദ്ദ് ചെയ്തു. ഖനന നീക്കത്തിന് എതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രദേശത്ത് ഖനനം നടത്തുന്നത് വലിയ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നേരത്തെ ഏഷ്യാനെറ്റ്  ന്യൂസ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെട്ട സംഘം ഇവിടെ അന്വേഷണം നടത്തിയ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരിങ്കല്‍ ഖനനത്തിന് നല്‍കിയ അനുമതി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് റദ്ദാക്കിയത്.

ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള ഉടുമ്പിറങ്ങി മലയില്‍ പാറമട തുടങ്ങാന്‍ ഇത് രണ്ടാം തവണയാണ് ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്. രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പാറമട പ്രവര്‍ത്തിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. അന്ന് ഡിവൈഎഫ് ഐ അടക്കമുള്ളവരുടെ പ്രതിഷേധം കാരണം നീക്കം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെ പാറമട തുടങ്ങാന്‍ നീക്കം നടക്കുകയായിരുന്നു. 

പാറമട തുടങ്ങുന്നതോടെ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മേഖലയിലുണ്ടാവുമെന്നായിരുന്നു ആശങ്ക. ഉടുമ്പിറങ്ങി മലയില്‍ നിന്നും ഉത്ഭവിക്കുന്ന ചോലകള്‍, എണ്ണമറ്റ അപൂര്‍വ സസ്യങ്ങള്‍ ,കുന്നിനപ്പുറത്തുള്ള ആദിവാസിക്കോളനികള്‍ തുടങ്ങി പാറമട തുടങ്ങിയാല്‍ ഇല്ലാതാകുന്നതും പ്രതിസന്ധിയിലാകുന്നതുമായ ഒട്ടനേകം കാര്യങ്ങളുണ്ടിവിടെ. 

പാറമട തുടങ്ങാനുള്ള നീക്കങ്ങള്‍ക്കെതിരെ ഇവിടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഡി വൈ എഫ് ഐ അടക്കമുള്ള നിരവധി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നു. വാണിമേല്‍ വോയ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി പ്രവാസി മലയാളികളുടെ മുന്‍കൈയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു. മാധ്യമ വാര്‍ത്തകളും പുതിയ തീരുമാനത്തില്‍ നിര്‍ണായകമായി. 

Follow Us:
Download App:
  • android
  • ios