ഇടുക്കി: ഇടുക്കി അടിമാലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന്‍ അറസ്റ്റിലായി. തോക്കുപാറ സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. നീലച്ചിത്രങ്ങള്‍ കാണിച്ചായിരുന്നു ഇയാള്‍ കുട്ടികളെ വശീകരിച്ചത്. 

15ഉം 13ഉം വയസുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലാണ് മുഹമ്മദ് സാലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടിമാലിക്ക് സമീപം തോക്കുപാറയിലുള്ള സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനാണ് മുഹമ്മദ് സാലി. വെള്ളത്തൂവല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നരവര്‍ഷത്തോളം മുഹമ്മദ് സാലി കുട്ടികളെ പീഡിപ്പിച്ചിരുന്നു. 

സംഭവത്തെക്കുറിച്ച് വെള്ളത്തൂവല്‍ പൊലീസ് പറയുന്നതിങ്ങനെ. 2013 ഡിസംബറിലാണ് ഇയാള്‍ കുട്ടികളെ വശീകരിക്കുന്നത്. തോക്കുപാറ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു കുട്ടികളപ്പോള്‍. നീലച്ചിത്രങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ലൈംഗികപീഡനത്തിന് ഇരയാക്കി. 2015 മെയ് വരെ ഇത് തുടര്‍ന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ഇക്കാര്യം കുട്ടികള്‍ അധ്യാപകരോട് പറയുന്നത്. 

5അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ ഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസെത്തി മുഹമ്മദ് സാലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുന്പാവൂര്‍ സ്വദേശിയായ സാലി ഭാര്യക്കൊപ്പം കഴിഞ്ഞ 20 വര്‍ഷമായി തോക്കുപാറയിലാണ് താമസം.