ഇടുക്കി: സ്‍കൂൾ വിദ്യാ‍ർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ നാലു പേരെ കട്ടപ്പന പൊലീസ് പിടികൂടി. കോഴിമലക്കടുത്ത് മുരിക്കാട്ടു കുടി സർക്കാർ സ്ക്കൂളിലെ വിദ്യാർത്ഥികളെയാണ് ഇവർ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

കോഴിമല മുരിക്കാട്ടുകുടി സ്വദേശികളായ കരിനിലക്കൽ രതീഷ്, പ്ലാം ചുവട്ടിൽ സുബിൻ, പാലക്കൽ അനീഷ് എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തത്. നാലാമത്തെയാൾക്ക് സംഭവം നടക്കുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ല. മുരിക്കാട്ടുകുടി സർക്കാർ സ്ക്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. 2011 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നത്. കഴിഞ്ഞയിടെ ചൈൽഡ് ലൈനിൻറെ നേതൃത്വത്തിൽ സ്ക്കൂളിൽ കൗൺസലിംഗ് നടത്തി. പീഡനത്തിന് ഇരയായ കുട്ടികളിലൊരാൾ കൗൺസിലറോട് സംഭവം പറഞ്ഞു. ഇതേത്തുടർന്ന് സ്ക്കൂളിലെ കുട്ടികളെ വിശദമായ കൗൺസിലിംഗിന് വിധേയമാക്കാൽ ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശിച്ചു. ഇതിലാണ് സംഘത്തിലുള്ളവർ നിരവധി പേരെ പീഡനത്തിന് ഇരയാക്കിയ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. തുടർന്ന് കട്ടപ്പന പൊലീസിനോട് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി നിർദ്ദേശിച്ചു. പീഡനത്തിന് ഇരയായവരിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി കേസ്സെടുത്തു. തുടർന്നു നടത്തിയ അന്വേഷണത്തിനു ശേഷമാണ് പൊലീസ് നാലുപേരെയും അറസ്റ്റു ചെയ്തത്. രതീഷിനും സുബിനുമെതിരെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ നിയമ പ്രകാരമാണ് കേസ്സെടുത്തത്. മറ്റു രണ്ടു പേർക്കെതിരെ പ്രകൃതി വിരുദ്ധ ലൈംകിഗ പീഡനത്തിനും കേസ്സെടുത്തു. പ്രതികളെ വൈദ്യ പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കി.