തൃശൂര്‍: കേരള നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ( കെഎന്‍എംസി ) ഭരണസമിതിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് വാശിയേറി. കേരള ഗവണ്‍വമെന്റ് നഴ്‌സസ് അസോസിയേഷന്‍ ( കെജിഎന്‍എ) നാണ് കാലങ്ങളായി ഭരണം തുടര്‍ന്നിരുന്നത്. നഴ്‌സിങ് മേഖലയില്‍ വേരുറപ്പിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ( യുഎന്‍എ ) മത്സരത്തിനൊരുങ്ങിയതോടെയാണ് കെഎന്‍എംസി തെരഞ്ഞെടുപ്പ് ശ്രദ്ധപിടിച്ചു പറ്റുന്നത്. കേരളത്തിലെ നഴ്‌സിങ് വിദ്യഭ്യാസത്തിന്റെ ഏകീകരണവും പുതിയ കോഴ്‌സുകളും കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കലും നഴ്‌സിങ് സര്‍വ്വീസ് വിലയിരുത്തി അപാകതകള്‍ പരിഹരിക്കലുമെല്ലാം നഴ്‌സിങ് കൗണ്‍സിലിന്റെ കീഴിലാണ്. 

യുഎന്‍എ സജീവമായ കാലം മുതലേ കെഎന്‍എംസി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒമ്പത് വര്‍ഷത്തോളമായി ഇലക്ഷന്‍ നീട്ടികൊണ്ടു പോവുകയായിരുന്നു. നവംബറിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച വോട്ടിങ് നടപടി ക്രമങ്ങള്‍ 2019 മാര്‍ച്ച് നാല് വരെ തുടരും. മൂന്ന് ലക്ഷത്തിലേറെ വരുന്ന വോട്ടര്‍മാര്‍ക്കുള്ള ബാലറ്റുകള്‍ ഇതിനകം തന്നെ കെഎന്‍എംസി രജിസ്‌ട്രേഷന്‍ ഉള്ള നഴ്‌സുമാരുടെ വിലാസത്തിലേക്ക് അയച്ചുതുടങ്ങി. ഫെബ്രുവരി 21 വരെ പോസ്റ്റല്‍ വഴിയുള്ള ബാലറ്റ് വിതരണം നടക്കും. മാര്‍ച്ച് നാലിന് വൈകീട്ട് അഞ്ചിന് മുമ്പ് തപാലില്‍ തന്നെ വോട്ടുകള്‍ തിരിച്ചെത്തണം. മാര്‍ച്ച് ഏഴിന് രാവിലെ 10 ന് തിരുവനന്തപുരത്തെ ഗവ.നഴ്‌സിങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നഴ്‌സിങ് മേഖലയിലെ സംഘടിത ശക്തിയെ ഭയന്നാണ് നിലവിലെ ഭരണസമിതി നീട്ടിക്കൊണ്ടുപോയതെന്നാണ് യുഎന്‍എ ആരോപിക്കുന്നത്. കോടികള്‍ ആസ്ഥിയുണ്ടായിട്ടും നഴ്‌സുമാരുടെ ക്ഷേമത്തിനായി ഭരണസമിതി യാതൊന്നും ചെയ്തില്ല. മാത്രമല്ല ഇവര്‍ ആശുപത്രികളുടെയും നഴ്‌സിങ് സ്‌കൂളുകളുടെയും ഉടമകള്‍ക്ക് സൗകര്യങ്ങളൊരുക്കുകയായിരുന്നു. അഴിമതിയും ധൂര്‍ത്തുമാണ് കെഎന്‍എംസിയില്‍ നടക്കുന്നതെന്നാണ് യുഎന്‍എ ആരോപണം. സ്വകാര്യ മേഖലയിലാകെ യുഎന്‍എ പ്രചാരണം കൊഴുപ്പിച്ചതോടെ 2008 -ല്‍ തനിച്ച് മത്സരിച്ച കെജിഎന്‍എ - എന്‍ജിഒ യൂണിയന്‍ ഇക്കുറി മുന്‍കാലങ്ങളിലെ എതിരാളികളായ ടിഎന്‍എഐയുടെ കൂടി പിന്തുണ നേടിയാണ് ജനകീയ മുന്നണിയെന്ന പേരില്‍ രംഗത്തുള്ളത്.

ഇരുപക്ഷത്തും  മത്സരിക്കുന്നവര്‍

ഷോബി ജോസഫ്, സുജനപാല്‍ എ കെ, സിബി മുകേഷ് എം പി, ഹരീസ് എം എം, എബി റപ്പായി, രശ്മി പി, ലിബി ഡാനിയല്‍, സിന്ധു കെ ബി എന്നിവരാണ് യുഎന്‍എ പാനലിലുള്ളത്. പി കെ തമ്പി, ഒ എസ് മോളി, ടി സുബ്രഹ്മണ്യന്‍, ബിജു എസ് വി, സെറിന്‍ എം ഡി, സിസ്റ്റര്‍ സീന ഇ എ, ടി.പി ഉഷ, എസ് സുശീല എന്നിവരാണ് ജനകീയമുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍.

അതിനിടെ, യുഎൻഎ സ്ഥാനാർത്ഥികളെ പിന്തുണക്കാൻ കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയൻ - കെജിഎൻയു തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം തൃശൂരിൽ യുഎൻഎ ആസ്ഥാനത്തെത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ ജാസ്മിൻ ഷ ഉൾപ്പടെയുള്ള നേതാക്കളോട് പിന്തുണ അറിയിച്ചു.

ജനകീയമുന്നണി പ്രകടന പത്രിക

നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന സേവനങ്ങളുടെ നിരക്ക് പുനഃപരിശോധിക്കുമെന്നാണ് നിലവിലെ ഭരണസമിതി നേതൃത്വം നല്‍കുന്ന ജനകീയ മുന്നണിയുടെ പ്രകടനപത്രികയിലെ ആദ്യത്തേത്. നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള തുടര്‍ വിദ്യഭ്യാസ പരിപാടി കൂടുതല്‍ വ്യാപകമാക്കും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ക്രെഡിറ്റ് സമയം 75 മണിക്കൂറായി ചുരുക്കും. നഴ്‌സിങ് കൗണ്‍സിലിന് സ്വന്തമായി സ്ഥലം വാങ്ങി വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കും. നഴ്‌സിങ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. 

ഉപരിപഠന സാധ്യത വര്‍ദ്ധിപ്പിക്കും. സ്‌പെഷ്യാലിറ്റി കോഴ്‌സുകള്‍ കൂടുതല്‍ വ്യാപകമാക്കും. നഴ്‌സിങ് കൗണ്‍സില്‍ നല്‍കുന്ന വിവിധ സേവനങ്ങളുടെ കാലയളവ് ഗണ്യമായി കുറയ്ക്കും. നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ സ്റ്റിക് ലീവ് പുനഃസ്ഥാപിക്കും. നഴ്‌സിങ് കൗണ്‍സില്‍ അംഗത്വമുള്ള നഴ്‌സുമാര്‍ക്ക് ജോലിസമയത്ത് / ജോലിയുടെ ഭാഗമായി അപകടം / മരണം സംഭവിച്ചാല്‍ ഉചിതമായ സാമ്പത്തികസഹായം നല്‍കുന്നകാര്യം പരിഗണിക്കും. ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും പരിഗണിക്കും. നഴ്‌സിങ് കൗണ്‍സിലിലെ ജീവനക്കാരുടെ നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കും. ജീവനക്കാരുടെ സേവന - വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

യുഎന്‍എ പ്രകടന പത്രിക    

നഴ്‌സിംഗ് കൗണ്‍സില്‍ ഇലക്ഷന്‍ കൃത്യമായ സമയത്ത് കൂടുതല്‍ സുതാര്യമായി നടത്തി അതിലൂടെ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ അവകാശം നില നിര്‍ത്തുമെന്നാണ് യുഎന്‍എ പുറത്തിറക്കിയ പ്രകടനപത്രികയിലെ ആദ്യത്തേത്. 1953 ലെ കാലഹരണപ്പെട്ട കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്സ് ആക്ട് ഭേദഗതി വരുത്തി സര്‍ക്കാര്‍ സ്വകാര്യ സഹകരണ മേഖലയിലെ ആശുപത്രികളില്‍ കൂടുതല്‍ അധികാരം കൈവരുത്തും.

സ്വകാര്യ മേഖലയിലെ നഴ്‌സുമാരുടെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കെഎന്‍എംസി മുഖാന്തിരം നല്‍കുന്ന രീതിയില്‍ നിയമ നിര്‍മാണം നടത്തും. ആദ്യ രജിസ്‌ട്രേഷന്‍ ഒഴികെ ഉള്ള നഴ്‌സിംഗ് കൗണ്‍സില്‍ സേവനങ്ങള്‍ക്ക് ഫീസുകള്‍ കുറയ്ക്കുന്നതിനും പോസ്റ്റല്‍ ചാര്‍ജ് മാത്രമായി ചുരുക്കുന്നതിനും പരിഗണന നല്‍കും. നഴ്സുമാരുടേയും നഴ്സിംഗ് വിദ്യാര്‍ത്ഥികളുടേയും നഴ്സിംഗ് അദ്ധ്യാപകരുടെയും പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി 'ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി' രൂപീകരിക്കും. സ്വാശ്രയ മേഖലയില്‍ നഴ്സിംഗ് അദ്ധ്യാപകരുടെ സേവന - വേതന വ്യവസ്ഥകള്‍ ( ലീവുകളുള്‍പ്പെടെ ) ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്വകാര്യ സഹകരണ മേഖലകളില്‍ രോഗി - നഴ്‌സസ് അനുപാതവും മറ്റ് തൊഴില്‍ സഹകരണ നിയമങ്ങളും പാലിക്കുന്നതിന് വേണ്ടിയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളും.  

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ദിവസ വേതനക്കാരും മറ്റ് താത്കാലിക കാറ്റഗറിയിലും ഉള്ള നഴ്‌സുമാരുടെ ശമ്പള വര്‍ധനവും ലീവ് ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ശക്തമായ നിയമ പോരാട്ടങ്ങള്‍ നടത്തും. പൊതുജനങ്ങള്‍ക്കു കൃത്യമായ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയും നഴ്‌സിംഗ് ജീവനക്കാരുടെ അമിതമായ ജോലി ഭാരം കുറക്കുന്നതിന് വേണ്ടിയും രോഗി - നഴ്‌സ് അനുപാതം പ്രാബല്യത്തില്‍ വരുത്താന്‍ കര്‍ശന ഇടപെടല്‍ നടത്തും. സര്‍ക്കാര്‍ മേഖലയില്‍ നില നില്‍ക്കുന്ന ഭീകരമായ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഹരിക്കുന്നതിനുള്ള നിയമ നടപടികള്‍ നടത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

കെഎന്‍എംസി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും കേരള പിഎസ്‍സി എഴുതുന്നതിന് ആവശ്യമായ നിയമ നിര്‍മാണം നടത്തും. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത നഴ്‌സിംഗ് കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും എതിരെ നടപടി  സ്വീകരിക്കുകയും. നഴ്സിംഗ് കോളജുകളില്‍ ഡിപ്പാര്‍ട്ട്മെന്റലൈസേഷന്‍ നിര്‍ബന്ധമാക്കും. റിന്യൂവല്‍ അടക്കമുള്ള നഴ്‌സിംഗ് കൗണ്‍സില്‍ സേവനങ്ങള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കും. കെഎന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ നഴ്സുമാര്‍ക്കും പ്രത്യേക ചികിത്സാ സഹായനിധിയും ദുരിതാശ്വസ നിധിയും രൂപികരിക്കും. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ സമിതി രൂപികരിച്ച് ഏകോപിപ്പിക്കും. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ സ്ഥാപനങ്ങളില്‍ സര്‍വ്വീസിലിരിക്കെ മരണമടയുന്ന നഴ്‌സിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും വാഗ്ദാനമുണ്ട്. 

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ നഴ്‌സിംഗ് അഡ്മിഷന്‍ പൊതു എന്‍ട്രന്‍സില്‍ പുനഃസ്ഥാപിക്കുമെന്നും നഴ്‌സ് പ്രാക്റ്റീഷ്ണര്‍ അടക്കമുള്ള ഉന്നത വിദ്യാഭാസ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ക്ലിനിക്കല്‍ റിസര്‍ച്ചിന് പ്രാധാന്യം നല്‍കിക്കൊണ്ട് കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുമായി ചേര്‍ന്ന് ഐഎന്‍സി മോഡല്‍ പിഎച്ച്ഡി കണ്‍സോര്‍ഷ്യം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യുഎന്‍എയുടെ പ്രകടനപത്രികയിലുണ്ട്.