ദില്ലി: സൗത്ത് ദില്ലിയിലെ ഡിഫന്‍സ് കോളനി മാര്‍ക്കറ്റില്‍ അനധികൃതമായി നിര്‍മ്മിച്ച കടകള്‍ പൊളിച്ചു നീക്കി. താഴെ നിലയില്‍നിന്ന് അനധികൃതമായി കച്ചവടം മുകളിലെ നിലകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. 

റെസ്റ്റോറന്റുകളും മറ്റ് കടകളുമടക്കം നാല് കെട്ടിടങ്ങളില്‍നിന്നാണ് കച്ചവടം ഒഴിപ്പിച്ചത്. ദില്ലിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നിയമിച്ച സമിതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. 

2006 മാര്‍ച്ച് 24നാണ് സുപ്രീം കോടതി അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തി തടയാന്‍ കമ്മിറ്റി രൂപീകരിച്ചത്. ദില്ലിയില്‍ ഗാര്‍ഹികാവശ്യത്തിന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു നടപടി. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ ഉപദേഷ്ടാവ് കെ ജെ റാവു, പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി ചെയര്‍മാന്‍ ഭുരെ ലാല്‍, റിട്ടയേഡ് മേജര്‍ ജനറല്‍ സോം ജിങ്കന്‍ എന്നിവരടങ്ങിയതാണ് സമിതി.