തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കും ഇനിയും കണ്ടെത്താത്ത മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കും ബാഷ്പാഞ്ജലി അര്‍പ്പിച്ച് സ്‌കൂള്‍ കുട്ടികള്‍ അടക്കം കടലിനടിയില്‍ അപൂര്‍വ പ്രാര്‍ത്ഥന നടത്തി. ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, ബോണ്ട് ഓഷ്യന്‍ സഫാരി കോവളം എന്നിവരുടെ അഭിമുഖ്യത്തിലാണ് കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയില്‍ അപൂര്‍വ പ്രാര്‍ത്ഥന നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫിലെ അംഗങ്ങളും ബോണ്ട് സഫാരി കോവളത്തിലെ ജീവനക്കാരും അടങ്ങുന്ന 13 അംഗ സംഘമാണ് ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ കോവളത്ത് കടലിനടിയില്‍ പ്രാര്‍ത്ഥന നടത്തിയത്. സ്‌കൂബ ഡൈവിങിന് വേണ്ടിയുള്ള പ്രത്യേകം സജ്ജമാക്കിയ സ്യൂട്ട് അണിഞ്ഞ് കടലിലേക്കിറങ്ങിയ സംഘം തീരത്ത് നിന്നും 50 മീറ്റര്‍ ഉള്ളില്‍ 6 മീറ്റര്‍ താഴെ കടലിനടിയില്‍ എത്തിയ ശേഷമാണ് പ്രാര്‍ത്ഥന നടത്തിയത്. പ്രത്യേകം തയ്യാറാക്കി കൊണ്ടു പോയ പ്രാര്‍ത്ഥന കടലിനടയില്‍ മുട്ടുകുത്തിയിരുന്നു സംഘം ചൊല്ലി. മണ്ണില്‍ തലതൊട്ടു നമസ്‌കരിച്ച ശേഷമാണ് സംഘം കരയിലേക്ക് വന്നത്. 

വിഴിഞ്ഞം സ്വദേശികളും ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സച്ചിന്‍, കിരണ്‍ എന്നിവരും പ്രദേശവാസികളായ മുഹമ്മദ് സാദിഖ്, അബുസലി കൂടാതെ ബോണ്ട് ഓഷ്യന്‍ സഫാരി കോവളത്തിലെ സ്‌കൂബ ഡൈവിങ് സംഘവും കടലിനടിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഓഖിയുടെ ഭാഗമായി കടലില്‍ ജീവത്യാഗം വരിച്ചവരെ ഇനിയും കണ്ടെത്താനാകാത്ത പശ്ചാത്തലത്തില്‍ അവരുടെ ആശ്രിതര്‍ അനുഭവിക്കുന്ന അനിശ്ചിതത്വത്തിനും വേദനയ്ക്കും ആശ്വാസം പകരാന്‍ ആണ് ഇത്തരം ഒരു പ്രാര്‍ത്ഥന സംഘടിപ്പിച്ചത് എന്ന് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പനിപ്പിള്ളയും, ബോണ്ട് ഓഷ്യന്‍ സഫാരി കോവളം ഡയറക്ടര്‍ ജാക്‌സന്‍ പീറ്ററും പറഞ്ഞു.