നഗരത്തിന്റെ 4.8 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭ പാത. സ്ഥലമേറ്റെടുക്കലിന്റെ ബുദ്ധിമുട്ടൊഴിവായെങ്കിലും ഡെക്കാന്‍ പീഠഭൂമിയിലെ പാറ തുരക്കലിനിടയില്‍ യന്ത്രം പണിമുടക്കിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ അനവധി. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഭൂഗര്‍ഭ പാത വഴി യോജിച്ച കിഴക്ക് പടിഞ്ഞാറ് ഇടനാഴിയുടെ 18.3 കിലോമീറ്റര്‍ ഇനി പൂര്‍ണ്ണമായും യാത്രാസജ്ജം. ഗതാഗത കുരുക്കിനിടയില്‍ രണ്ട് മണിക്കൂറിനടുത്ത് വരെ സമയമെടുക്കുന്ന മൈസൂരു റോഡ് മുതല്‍ ബെയപ്പനഹള്ളി വരെ മെട്രോയിലൂടെ ഓടിയെത്താന്‍ ഇനി വേണ്ടത് വെറും 33 മിനിറ്റ്. അതും 40 രൂപ ടിക്കറ്റ് ചാര്‍ജ്ജില്‍. ദക്ഷിണേന്ത്യയുടെ ആദ്യ ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
റെയില്‍വെ സ്റ്റേഷനും, ബസ് സ്റ്റാന്‍ഡുമുള്ള മജസ്റ്റിക്, ഭരണസിരാകേന്ദ്രമായ വിധാന്‍ സൗധ, കബണ്‍ പാര്‍ക്ക്, എം ജി റോഡ് എന്നീ പ്രധാന പാതയിലൂടെ മെട്രോ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ പൊതുഗതാഗത സംവിധാനത്തിന് വലിയൊരു മാറ്റമുണ്ടാകും. ഇതോടെ നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ 33 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കാനായത് വഴി നാല്‍പ്പതിനായിരത്തില്‍ നിന്ന് 1 ലക്ഷത്തിലേയ്ക്ക് മെട്രോ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കണക്ക് കൂട്ടല്‍.
