തൃശ്ശൂർ: ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൈവശം ആകെയുണ്ടായിരുന്നു നാനൂറ്റി തൊണ്ണൂറ് രൂപ സംഭാവന ചെയ്ത് ബിരുദ വിദ്യാർത്ഥി. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ബായ് ഇന്ദിര കൃഷ്ണനാണ് തന്റെ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന പണം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. നിർധന കുടുംബത്തിലെ അം​ഗമായ ബായ് ഇന്ദിര കൃഷ്ണന്‍ മറ്റുള്ളവരുടെ സഹായത്തോടെയാണ് മെസ്ഫീസും ഹോസ്റ്റർ ഫീസും അടയ്ക്കുന്നത്. 

മധ്യപ്രദേശുകാരനായ വിഷ്ണു താൻ വിൽക്കാനായി കൊണ്ടുവന്നിരുന്ന മുഴുവൻ പുതപ്പും ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തിരുന്നു. ഈ വാർത്തയാണ് തനിക്ക് പ്രചോദനമായതെന്ന് ബായ് ഇന്ദിര കൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 'ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് എന്റെ കൂടി കടമയാണ്- ഇന്ദ്ര തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  കുടുംബത്തില്‍ നിന്നുമാണ് ബായ് ഇന്ദിര കൃഷ്ണന്‍ പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയിരിക്കുന്നത്. ഓണത്തിന് വീട്ടിൽ പോകാൻ മാറ്റി വച്ചിരുന്നതാണ് ഈ തുകയെന്നും ബായ് ഇന്ദിര കൃഷ്ണന്‍  തന്റെ ഫേസ്ബുക്കിൽ പേജിൽ കുറിച്ചിരിക്കുന്നു.