തൃശൂർ: പട്ടിക്കാട് മേഖലയിലെ വനംകൊള്ള ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം രംഗത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.

പട്ടിക്കാട് വനംകൊള്ളയും മാന്ദാമംഗലം സ്വദേശി ബൈജുവിന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടെന്നാണ് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ഭാരവാഹികളുടെ ആരോപണം. വനംകൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ബൈജുവിന് അറിയാമെന്നും ഇക്കാരണത്താൽ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്നുമാണ് പരാതി. ബൈജുവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് സഹിതം സംഘടന വനംമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ശേഷം ബൈജു ജീവനൊടുക്കിയതാണെന്ന് നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 23നാണ് ബൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് വനംവകുപ്പിന്‍റെ വിജിലൻസ് വിഭാഗം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.