നെന്മാറ: 2014 ലെ രണ്ടാം ബിനാലെയില്‍ പങ്കെടുത്ത പ്രായം കുറഞ്ഞ കലാകാരനായ ഉണ്ണികൃഷ്ണനെ ഒരു സംഘമാളുകള്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായുള്ള ഒരു കലാ പരിപോഷകന്റെ പിന്തുണയില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു ചിത്ര പ്രദര്‍ശനം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് കണ്ടാലറിയാവുന്ന ആളുകള്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം.
സ്വിറ്റ്‌സര്‍ലാന്റില്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിന് മുന്നോടിയായി അവിടെ നിന്നും വന്ന ക്യാമറാ ടീം ഉണ്ണികൃഷ്ണന്റെ ജീവിതപശ്ചാത്തലത്തെ കുറിച്ച് വീഡിയോ ഇസ്റ്റലേഷന്‍ ചെയ്യുന്നതിനായി വീടും പരിസരവും ഷൂട്ട് ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്റെ വീടിന് ഇരുന്നൂറ് മീറ്റര്‍ ദൂരത്തിനുള്ളിലായി വര്‍ഷങ്ങളായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയും വീഡിയോ സംഘം ചിത്രീകരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച്ച ക്വാറിയെ കുറിച്ച് അന്വേഷിച്ചെത്തിയ പ്രകൃതി സംരക്ഷണ സമിതി എന്ന സംഘടനയിലെ ചിലര്‍ പ്രസ്തുത ക്വാറിയിലെത്തുകയും അവിടം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ സമയം ഉണ്ണികൃഷ്ണന്‍ വീട്ടിലില്ലായിരുന്നു. പ്രകൃതി സംരക്ഷണ സമിതിക്കാര്‍ ഉണ്ണിയുടെ അമ്മയോട് ക്വാറി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചാരായുകയും അമ്മ ക്വാറിമൂലം തങ്ങള്‍ക്കുണ്ടാകുന്ന ദുരിതത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തങ്ങളുടെ ജോലികളയുകയാണെന്നും ഇതിന് പിന്നില്‍ ഉണ്ണികൃഷ്ണനാണെന്നും ആരോപിച്ച് ക്വാറിയിലെ, പത്തോളം വരുന്ന കണ്ടാലറിയാവുന്ന ഐഎന്‍ടിയുസി തൊഴിലാളികള്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഉണ്ണികൃഷ്ണനെ പൊതുസ്ഥലത്ത് വച്ച് വളഞ്ഞ് പിടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉണ്ണികൃഷ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഏഴ് സ്റ്റിച്ചുകളുണ്ട്.
മാര്‍ച്ചില്‍ സ്വിറ്റ്‌സര്‍ലാന്റില്‍ ഏകാംഗ ചിത്രപ്രദര്‍ശനത്തിന് പങ്കെടുക്കേണ്ട ഉണ്ണികൃഷ്ണന്‍ ഈ മാസം 27 ന് സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഐഎന്‍ടിയുസി തൊഴിലാളികളുടെ ആക്രമണം ഉണ്ടായത്. നെന്മാറ പോലീസില്‍ പരാതി നല്‍കി. സംഘം ചേര്‍ന്ന് അക്രമിച്ചതിന് എസ്‌സി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ സതീഷ് കുമാര്‍, ഹരിദാസ് എന്നിവരെ അറസ്റ്റ് ചെയ്തതായും നെന്മാറ പോലീസ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. ക്വാറിക്കെതിരെ പരാതികളില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
