Asianet News MalayalamAsianet News Malayalam

പാടത്തെ കീടനാശിനി പ്രയോഗം തോന്നുംപോലെ; കുട്ടനാട്ടില്‍ അടിക്കുന്നത് കൊടുംവിഷം, നിയന്ത്രിക്കാനാവാതെ കൃഷി വകുപ്പ്

കുട്ടനാട്ടിലേതടക്കമുള്ള പാടശേഖരങ്ങളില്‍ തോന്നുംപോലെയാണ് കര്‍ഷകര്‍ കീടനാശിനി അടിക്കുന്നത്.

Unscientific use of the pesticide mixture is still rampant in Kuttanad
Author
alappuzha, First Published Jan 21, 2019, 11:53 AM IST

ആലപ്പുഴ: കുട്ടനാട്ടിലേതടക്കമുള്ള പാടശേഖരങ്ങളില്‍ തോന്നുംപോലെയാണ് കര്‍ഷകര്‍ കീടനാശിനി അടിക്കുന്നത്. ഏക്കറിന് 50ഗ്രാം കീടനാശിനി 150 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്താന്‍ കമ്പനി നിര്‍ദ്ദേശിക്കുമ്പോള്‍ ‍ഭൂരിപക്ഷം കര്‍ഷകരും ഇരട്ടി കീടനാശിനി പകുതി വെള്ളത്തില്‍ കലര്‍ത്തിയടിക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് മരുന്നടിക്കുന്നവര്‍ തന്നെ പറയുന്നു.

മരുന്ന് കമ്പനികളും കൃഷിവകുപ്പും പാടശേഖരസമതിയും പറയുന്നത് പോലെയല്ല കര്‍ഷകരുടെ മരുന്ന് പ്രയോഗം. എളുപ്പം കാര്യങ്ങള്‍ നടന്നുകിട്ടാന്‍ വീര്യംകൂട്ടിയടിക്കും. മരുന്നടിക്കാരുടെ കാലില്‍ ഒരു മുറിവുണ്ടായാല്‍ മതി അതൊരു ദുരന്തമായി മാറാന്‍. കമ്പനി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ സംവിധാനമൊന്നും മരുന്നടിക്കാര്‍ ഉപയോഗിക്കുന്നുമില്ല.

നേരത്തെ കുട്ടനാട്ടില്‍ വ്യാപകമായി പാടശേഖരങ്ങള്‍ കക്ക ഉപയോഗിക്കുമായിരുന്നു. കക്ക തീരെ ഇല്ലാതെയാണ് ഇപ്പോള്‍ മിക്കവരും പാടമൊരുക്കുന്നത്. ഇതോടെ കീടനാശിനി കൂടുതല്‍ ഉപയോഗിക്കാതെ നല്ല വിള കിട്ടില്ലെന്ന അവസ്ഥയുമായി. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കുകയും കീടനാശിനി ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തകയുമാണ് ഇതിനുള്ള പോംവഴിയെന്ന് കര്‍ഷകര്‍തന്നെ സമ്മതിക്കുന്നു.

അതിനിടെ, തിരുവല്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപ്പര്‍ കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമായി നടക്കുന്നുണ്ടെന്നും സ്ഥലത്ത് വ്യാജകീടനാശിനികള്‍ സുലഭമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios