ദില്ലി: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ ഗംഭീരവിജത്തിന്റെ ക്രെഡിറ്റ് മോഡിക്കും അമിത് ഷയ്ക്കുമായി എല്ലാവരും ചാര്‍ത്തി കൊടുത്തു. എന്നാല്‍ ബിജെപിയുടെ യുപിയിലെ യുദ്ധമുറി നിയന്ത്രിച്ച് ഈ വിജയം കരസ്ഥമാക്കുവാന്‍ സാധിച്ചത് ഒരു ജയ്പൂര്‍ സ്വദേശിയുടെ ബുദ്ധിയാണ്. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ അമിത് ഷാ തന്നെ അദ്ദേഹത്തിന്‍റെ പേര് സൂചിപ്പിച്ചിട്ടുണ്ട് സുനില്‍ ബന്‍സാലാണ് അത്. 

2017 യുപി ഇലക്ഷനില്‍ നായകന്‍ സുനില്‍ ബന്‍സാലായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്. പാര്‍ട്ടി പ്രചരണത്തിനും പ്രവര്‍ത്തനത്തിനും ആസൂത്രണങ്ങള്‍ നടപ്പിലാക്കിയതും ബന്‍സാലാണ്. ആര്‍ എസ് എസ് ആണ് ബന്‍സാലിനെ ഉത്തര്‍പ്രദേശിലേയ്ക്കു അയച്ചത്. 2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പാണു ആര്‍ എസ് എസ് ബന്‍സാലിനെ യുപിയിലേയ്ക്കു നിയോഗിച്ചത്. 

രാജസ്ഥാനിലെ ജയ്പൂരില്‍ എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബന്‍സാല്‍. അന്ന് അമിത് ഷായ്ക്കായിരുന്നു ബി ജെ പിയുടെ ഉത്തര്‍പ്രദേശ് ചുമതല. തിരഞ്ഞെടുപ്പില്‍ അമിത് ഷായെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ആര്‍ എസ് എസ് ബന്‍സാലിനെ ഉത്തര്‍പ്രദേശിലേയ്ക്ക് അയച്ചത്. ലോകസഭ തെരഞ്ഞെടുപ്പില്‍ ബന്‍സാല്‍ കാര്യമായി ഇടപെട്ടിരുന്നില്ല. തെരഞ്ഞെടുപ്പിനോടു ചേര്‍ന്നുള്ള ആറ് മാസത്തിലാണു ബന്‍സാലും അമിത് ഷായും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. 

ബൂത്തു കമ്മറ്റി മുതല്‍ സംസ്ഥാനതലം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബന്‍സാല്‍ കാര്യമായ മാറ്റം വരുത്തി. 1000 പുതിയ ഭാരവാഹികളെ നിയമിച്ചു. ഇത് ഒബിസി, ദളിത് വിഭാഗത്തില്‍ പെട്ടവരായിരുന്നു. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സാങ്കേതിക വിദഗ്ധരായ 150 പേരെ നിയമിച്ചു.

ഈ സംഘം രണ്ടു കോടി പേരേ അംഗങ്ങളാക്കി. 1.08 ലക്ഷം ബൂത്തു കമ്മറ്റികള്‍ സംഘടിപ്പിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നു ബന്‍സാലിന് കടുത്ത എതിര്‍പ്പു നേരിടേണ്ടി വന്നു എങ്കിലും അമിത് ഷായുടെ പിന്തുണ ബെന്‍സാലിന് ഉണ്ടായിരുന്നു. തുടര്‍ന്നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി 327 സീറ്റ് നേടി. ഇതോടെ പാര്‍ട്ടിക്കു ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം വര്‍ധിച്ചു. യുവാക്കളേയും ദളിതരേയും സ്ത്രീകളെയും സംഘടിപ്പിച്ചു വിവിധ പരിപാടികള്‍ നടത്തി. 

അംബേദ്ക്കര്‍ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതും ബന്‍സാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു ഓരോ മണ്ഡലത്തിലും സ്വാധീനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തി. ഇതിനു വേണ്ടി നാലു വ്യത്യസ്ത സര്‍വേകള്‍ നടത്തി. സര്‍വേയില്‍ കണ്ടത്തിയവരേയാണു പിന്നീട് സ്ഥാനാര്‍ത്ഥികളാക്കിയത്. അതുവഴിയാണു പാര്‍ട്ടി മികച്ച വിജയം നേടിയതെന്ന് സുനില്‍ ബന്‍സാല്‍ മാധ്യമങ്ങളോടു പറഞ്ഞു.