ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത ഗുടുംബ സ്റ്റേഷനിലാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ മണ്ഡലമാണിത്

ലക്നൗ: സ്റ്റേഷനില്‍ പരാതിയുമായെത്തിയ പ്രായമുള്ള സ്ത്രീയെ കൊണ്ട് കാലു പിടിപ്പിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ ചെറുമകന്‍ മരണപ്പെട്ടിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്ന ആവശ്യവുമായെത്തിയ സ്ത്രീയെ കൊണ്ടാണ് തേജ് പ്രകാശ് സിംഗ് എന്ന സബ് ഇന്‍സ്പെക്ടര്‍ കാലു പിടിപ്പിച്ചത്.

സ്ത്രീയോട് തേജ് മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്ത ഗുടുംബ സ്റ്റേഷനിലാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ മണ്ഡലമാണിത്. സ്ത്രീയുടെ ചെറുമകന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ യന്ത്രത്തില്‍ കുരുങ്ങിയാണ് മരണപ്പെട്ടത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായാണ് എഴുപത്തിയഞ്ചുകാരിയായ ബ്രഹ്മദേവി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

കെെകൂപ്പി അവര്‍ അപേക്ഷിക്കുമ്പോള്‍ ഒരുവിധ ഭാവഭേദവുമില്ലാതെ തേജ് ഇരുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് കാലില്‍ വീഴുന്നതും വീഡിയോയിലുണ്ട്. ബ്രഹ്മദേവിയുടെ കൊച്ചുമകന്‍ ആകാശിന്‍റെ മരണശേഷം ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമ ഒളിവിലാണ്.

സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ആകാശിന്‍റെ കുടുംബം സ്റ്റേഷന്‍ നിരവധി വട്ടം കയറിയിറങ്ങിയിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. ഈ വീഡിയോ പ്രചരിക്കുകയും തേജിനെതിരെ നടപടി വരികയും ചെയ്തതോടെ ആകാശിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.