ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അര്‍ബുദ ബാധിതയായ പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ശനിയാഴ്ച്ച രാത്രി ലക്നൗവിലെ സരോജിനി നഗറിലായിരുന്നു സംഭവം. ശനിയാഴ്ച്ച വൈകിട്ട് പെണ്‍കുട്ടി മാര്‍ക്കറ്റില്‍ പോയപ്പോള്‍ കണ്ടുമുട്ടിയ പരിചയക്കാരനായ ശുബം ബൈക്കില്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം ശുബവും സുഹൃത്തും ചേര്‍ന്ന് രാത്രി 11 മണിവരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡനശേഷം പെണ്‍കുട്ടിയെ റോഡിലുപേഷിച്ച് ഇരുവരും കടന്നുകളഞ്ഞു. 

മണിക്കൂറുകളോളം റോഡുസൈഡില്‍ കിടന്ന പെണ്‍കുട്ടി ബൈക്കിലെത്തിയ വഴിയാത്രക്കാരനായ കോണ്‍ട്രാക്ടറോട് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ അയാളും പീഡിപ്പിച്ചു. സംഭവത്തില്‍ കോണ്‍ട്രാക്ടറായ വീരേന്ദ്ര യാദവിനെ പൊലിസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികള്‍ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടി അഞ്ച് വര്‍ഷമായി ചികില്‍സയിലായിരുന്നു.