ലഖ്‌നൗ: രാജ്യസഭയില്‍ മുത്തലാഖ് വീണ്ടും ചര്‍ച്ചയാകുന്നതിനിടെ, മൊഴി ചൊല്ലിയ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. പഞ്ചായത്ത് നാട്ടുക്കൂട്ടത്തിന്റെ നിര്‍ദ്ദേശ പ്രകാരം, ബലാത്സംഗം ചെയ്ത ആളെ തന്നെ വിവാഹം കഴിച്ച യുവതിയാണ് ഭാര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. 

തന്നെയും അച്ഛനെയും പല സ്ഥലങ്ങളിലായി തടവില്‍ പാര്‍പ്പിച്ച് ബലംപ്രയോഗിച്ച് മൊഴി ചൊല്ലുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. വിവാഹമോചന രേഖകളില്‍ നിര്‍ബന്ധിച്ച് വിരലടയാളം വാങ്ങിയ ശേഷം, മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നും എനിക്ക് നീതി വേണമെന്നും പെണ്‍ക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

വിവാഹത്തിനുശേഷവും പെണ്‍കുട്ടിയെ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം നടപടി സ്വീകരിക്കുമെന്നും ഹാപൂര്‍ എസ്എസ്പി രാം മോഹന്‍ സിംഗ് അറിയിച്ചു.