മല്യ വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായതിനിടെ വിജയ് മല്യയ്ക്ക് യു.പി.എ. ഭരണകാലത്ത് ബാങ്ക് വായ്പ ലഭിക്കാൻ മന്ത്രിമാര്‍ ഇടപെട്ടതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐ ആവശ്യപ്പെട്ടത് അനുസരിച്ച് ഇക്കാലത്തെ രേഖകള്‍ ധനമന്ത്രാലയം കൈമാറി.

ദില്ലി: മല്യ വിവാദത്തിൽ ബിജെപി പ്രതിരോധത്തിലായതിനിടെ വിജയ് മല്യയ്ക്ക് യു.പി.എ. ഭരണകാലത്ത് ബാങ്ക് വായ്പ ലഭിക്കാൻ മന്ത്രിമാര്‍ ഇടപെട്ടതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐ ആവശ്യപ്പെട്ടത് അനുസരിച്ച് ഇക്കാലത്തെ രേഖകള്‍ ധനമന്ത്രാലയം കൈമാറി.

വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ ലൈന്‍സിന് വായ്പ കിട്ടാൻ യു.പി.എ മന്ത്രിമാരും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇടപെട്ടതിനെക്കുറിച്ചാണ് അന്വേഷണം. ഉദ്യോഗസ്ഥരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.ധനമന്ത്രാലയം നല്‍കിയ രേഖകള്‍ പരശോധിച്ച ശേഷം ഉദ്യോഗസ്ഥരെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. 

മല്യയും ഉപദേശകരും തമ്മിൽ ഇ മെയിൽ വഴി നടത്തിയ ആശയവിനിമയവിവരങ്ങള്‍ പിടിച്ചെടുത്തിരുന്നു. യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസുമായി അടക്കം നടത്തിയ ആശയവിനിമയത്തിന്‍റെ വിവരങ്ങളും സി.ബി.ഐയ്ക്ക് കിട്ടി. ധനമന്ത്രാലയത്തിലെ ബാങ്കിങ് ജോയിന്‍റെ സെക്രട്ടറിയുടെ പങ്കിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിലൂടെ മല്യയുടെ വായ്പാ തട്ടിപ്പിൽ പുതിയ കുറ്റപത്രത്തിനാണ് സി.ബി.ഐ നീക്കം. 

അതേ സമയം മല്യയ്ക്കെതിരെ 2015 ൽ ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ് വെറും റിപ്പോര്‍ട്ടിങ് നോട്ടീസ് മാത്രമാക്കിയതിൽ തെറ്റു പറ്റിയെന്ന് സി.ബി.ഐ സമ്മതിക്കുന്നു. മല്യ അന്വേഷണവുമായി സഹകരിക്കുമെന്ന കരുതിയാണ് നടപടി മയപ്പെടുത്തിയതെന്ന് സി.ബി.ഐ വിശദീകരിക്കുന്നു. നടപടി മയപ്പെടുത്തി, രാജ്യം വിടാൻ മല്യയെ മോദി സര്‍ക്കാര്‍ സഹായിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപണം.