ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവർക്ക് ഉചിതമായ മറുപടി സൈന്യം തീരുമാനിക്കുന്ന സമയത്ത് നല്‍കുമെന്ന് കരസേന വ്യക്തമാക്കി. ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കരസേനാ മേധാവി റാവൽപിണ്ടിയിൽ പാക് സൈനിക കമാൻഡർമാരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.

ഉചിതമായ രീതിയിൽ സേന തീരുമാനിക്കുന്ന സമയത്ത് ശത്രുവിന് മറുപടി നല്കാനുള്ള അവകാശം തല്ക്കാലം സേന നിലനിറുത്തുന്നു. ഇന്നലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിന് മരിച്ച ശക്തമായ തിരിച്ചടി നല്കണം എന്ന നിലപാടാണ് കരസേന രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചത്. അതിർത്തി കടന്ന് ഭീകര ക്യാംപുകൾ ആക്രമിക്കാൻ തയ്യാറാണെന്നും കരസേന അറിയിച്ചു.

രാവിലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സുരക്ഷാസ്ഥിതി വിലയിരുത്തി. പിന്നീട് രാജ്നാഥ് സിംഗ്, അരുൺ ജയ്റ്റ്ലി, മനോഹർ പരീക്കർ, കരസേനാ മേധാവി ജനറൽ ദൽബീർ സിംഗ് സുഹാഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രധാനമന്ത്രിയെ കണ്ടു. യോഗത്തിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആദ്യം പാകിസ്ഥാനെ അന്താരാഷ്ട തലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തും. തിരിച്ചടിക്കാനുള്ള ശേഷിയുണ്ടെന്നും ഇതുവരെ പരമാവധി സംയമനം കാട്ടിയെന്നും കരസേന പ്രസ്താവിച്ചു.

ഭീകരർക്ക് പാക് സേനയുടെ സഹായം കിട്ടി എന്നതിന്റെ തെളിവുകൾ ഇന്ത്യ സുഹൃത് രാജ്യങ്ങളെ അറിയിക്കും. അതേ സമയം കശ്മീരിൽ ഇന്ത്യ മനുഷ്യവകാശ ലംഘനം നടത്തുന്നു എന്ന് കുറ്റപ്പെടുത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട പൊതുസഭയിലെ അഞ്ച് സ്ഥിരാംഗങ്ങൾക്ക് കത്തെഴുതി.

ഇന്ത്യയുടെ എതിർനീക്കം വിലയിരുത്താൻ പാക് കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് റാവൽ പിണ്ടിയിൽ സേനാ കമാൻഡർമാരുടെ യോഗം വിളിച്ചു. പാകിസ്ഥാനോട് സംയമനത്തിന്റെ നയം ഇനിയുടെ സ്വീകരിക്കരുത് എന്നാശ്യപ്പെട്ട് ബിജെപിയിലെ ഒരു വിഭാഗം മറ്റൊരു യുദ്ധത്തിനായുള്ള ആവശ്യം ശക്തമാക്കുകയാണ്. എന്നാൽ കരുതലോടെ മുന്നോട്ടു പോകുക എന്ന നയമാണ് സർക്കാരിന്റേതെന്നാണ് ഇന്നത്തെ യോഗങ്ങൾക്കു ശേഷം വ്യക്തമാകുന്നത്.

