നോട്ട് അസാധുവാക്കല്‍ എങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചു എന്നാണ് പാര്‍ലമെന്റിന്റെ പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. പിഎസി നല്കിയ ചോദ്യോവലിക്ക് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ മറുപടി നല്കിയിട്ടുണ്ട്. എത്ര നോട്ട് തിരികെ വന്നു എന്ന വിഷയത്തില്‍ ഇപ്പോഴും വ്യക്തമായ കണക്കില്ലെന്നാണ് സൂചന. വിശദാംശങ്ങള്‍ എന്തായാലും ബാങ്കിന് സമിതിക്ക് നല്‌കേണ്ടി വരുമെന്ന് പിഎസിഅദ്ധ്യക്ഷന്‍ കെവി തോമസ് പറഞ്ഞു.

സമിതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അടുത്ത ബജറ്റ് വരെയെങ്കിലും സമയം വേണ്ടിവരും എന്നതിനാല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറെ വിമര്‍ശിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാകും പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം. അതേ സമയം കേന്ദ്ര ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നീളുകയാണ്. ഇന്നലെ ഉത്തരാഖണ്ടിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ കമ്മീഷന്‍ ഇന്ന് ഇക്കാര്യത്തില്‍ ആലോചനനട്ത്തിയേക്കും. ബജറ്റ് ഒന്നാം തിയതി തന്നെ ഉണ്ടാവും എന്ന നിലയ്ക്കാണ് അതേസമയം ധനമന്ത്രാലയത്തിലെ നടപടികള്‍ പുരോഗമിക്കുന്നത്.