89ാം മിനിറ്റില്‍ ജോസ് മരിയ ഹിമെനെസാണ് ഗോള്‍ നേടിയത്.
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില് ഈജിപ്റ്റിനെതിരേ ഉറുഗ്വെയ്ക്ക് വിജയം. 89ാം മിനിറ്റില് ജോസ് മരിയ ഹിമെനെസാണ് ഗോള് നേടിയത്. സുവര്ണാവസരങ്ങള് തുലച്ചില്ലായിരുന്നെങ്കില് നാല് ഗോളിനെങ്കിലും ഉറുഗ്വെയ്ക്ക് വിജയിക്കാമായിരുന്നു. മറുവശത്ത് ഡിയേഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള തകര്പ്പന് പ്രതിരോധം ഈജിപ്റ്റ് മുന്നേറ്റത്തെ ചെറുത്തു. ചാംപ്യന്സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ സ്റ്റാര് സ്ട്രൈക്കര് മുഹമ്മദ് സലാ ഇല്ലാതെയണ് ഈജിപ്റ്റ് ഇറങ്ങിയത്.
ഉറുഗ്വെയ്ക്ക് അനായാസമായിരിക്കും എന്ന് കരുതിയിരുന്നുവെങ്കിലും ഈജിപ്റ്റിന് മുന്നില് അവര് നന്നായി വിയര്ത്തു. ആദ്യ പകുതിയില് ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. 25ാം മിനിറ്റില് സുവാര്ണവസരം നഷ്ടപ്പെടുത്തിയതാണ് ആദ്യ പകുതിയില് എടുത്ത് പറയേണ്ടത്. ആറടി അടുത്ത് ഗോള് കീപ്പര് മാത്രം മുന്നില് നില്ക്കെ ലഭിച്ച അവസരം ബാഴ്സലോണ സ്ട്രൈക്കര് അവിശ്വസനീയമായി പുറത്തേക്കടിച്ച് കളഞ്ഞു.
രണ്ടാം പകുതിയിലും സുവാരസിന് മാറ്റമൊന്നുമുണ്ടായില്ല. ഗോള് കീപ്പര് മാത്രം മുന്നില് നില്ക്കെ ലഭിച്ച രണ്ട് അവസരങ്ങളാണ് താരം നഷ്ടപ്പെടുത്തിയത്. ഇതിനിടെ കവാനിയുടെ ഒരു ഫ്രീകിക്ക് ബാറില് തട്ടി തെറിച്ചു. മത്സരം അവസാനിക്കാന് ഒരു മിനിറ്റ് മാത്രം മുന്നില് നില്ക്കെയാണ് ഗോള് പിറന്നത്. സാഞ്ചസിന്റെ ഫ്രീകിക്കില് ഉയര്ന്നു ചാടിയ ഹിമെനസ് പന്ത് ഹെഡ് ചെയ്ത് വലയിലെത്തിച്ചു.
