സോള്‍: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിന് പിന്നാലെ മേഖലയിൽ അമേരിക്ക സൈനികവിന്യാസം ശക്തമാക്കി . കൊറിയൻ ഉപഭൂഖണ്ഡത്തിന് മുകളിലൂടെ അമേരിക്കയുടേ നേതൃത്വത്തിൽ വ്യോമാഭ്യാസം നടത്തി. അമേരിക്കയുടെ 2 ബോംബെർ വിമാനങ്ങളും ജപ്പാന്റെയും ദക്ഷിണകൊറിയയുടേയും പോർവിമാനങ്ങളും 10 മണിക്കൂർ നീണ്ട വ്യോമാഭ്യാസത്തിൽ പങ്കെടുത്തു.
ശനിയാഴ്ചയാണ് ഉത്തര കൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. അമേരിക്ക മുഴുവന്‍ പുതിയ മിസൈലിന്‍റെ ആക്രമണ പരിധിയിലാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍ അവകാശപ്പെട്ടു. ഉത്തര കൊറിയയുടെ അപകടരമായ ഒടുവിലത്തെ നീക്കം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്രസഭയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് കഴിഞ്ഞ രാത്രിയാണ് ഉത്തര കൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‌സില്‍ നിന്ന് ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള പുതിയ മിസൈലിന് 10,000 കിലോമീറ്റര്‍ പ്രഹര പരിധിയുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നു. മൂവായിരം കിലോമീറ്റര്‍ ഉയരത്തില്‍ 45 മിനിറ്റ് സഞ്ചരിച്ച് ജപ്പാന്‍ കടലിലാണ് മിസൈല്‍ പതിച്ചത്.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അടിയന്തരമായി ദേശീയ സുരക്ഷാസമിതി വിളിച്ചുചേര്‍ത്തു. അമേരിക്കയിലെവിടെയും ആക്രമണം നടത്താന്‍ മിസൈലിനാകുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.
