പലസ്തീൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന യുഎന്‍ ഏജൻസിക്കുള്ള സഹായം അമേരിക്ക നിര്‍ത്തി. 6,50 ലക്ഷം ഡോളറിന്റെ സഹായമാണ് നിര്‍ത്തലാക്കിയത്. യുനേർവയുടെ പ്രവർത്തനം ശരിയായ ദിശയിലല്ലെന്ന് ട്രംപ്.
വാഷിംഗ്ടണ്‍: പലസ്തീൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുഎന്‍ ഏജൻസിക്കുള്ള സഹായം അമേരിക്ക അവസാനിപ്പിച്ചു. യുനേർവയുടെ പ്രവർത്തനം ശരിയായ ദിശയിലല്ല എന്ന് വ്യക്തമാക്കിയാണ് 6,50 ലക്ഷം ഡോളറിന്റെ സഹായം ട്രംപ് ഭരണകൂടം നിർത്തലാക്കിയത്. അരക്കോടിയിലേറെ അഭയാർത്ഥികളെ പെരുവഴിയിലാക്കിയ അമേരിക്കയുടെ നടപടിയെ പലസ്തീനും യുഎനും അപലപിച്ചു.
ഗാസയിൽ ഉൾപ്പെടെ തെരുവിൽ എറിയപ്പെട്ട ഏഴ് ലക്ഷത്തോളം വരുന്ന പലസ്തീനികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുനേർവയ്ക്കുള്ള സഹായമാണ് അമേരിക്ക അപ്രതീക്ഷിതമായി നിർത്തലാക്കിയത്. സഹായം തുടരുന്നത് തിരുത്താനാവാത്ത പിഴവാകും എന്ന് വ്യക്തമാക്കിയാണ് നടപടി. ഇതോടെ UN നിയന്ത്രണത്തിലുള്ള ഏജൻസിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. വെസ്റ്റ് ബാങ്കിലും ഗാസയിലും ജോർദൻ, ലബനൺ, സിറിയ എന്നിവിടങ്ങളിലും യനേർവയുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നവർ ഇതോടെ പെരുവഴിയിലായി.
നേരത്തെ നൽകിയിരുന്ന 3,680 ലക്ഷം യുഎസ് ഡോളറിന്റെ സഹായം വെറും 680 ലക്ഷം ഡോളറാക്കി അമേരിക്ക വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുനേർവയെ നിശിതമായി വിമർശിച്ച് സഹായം പൂർണമായും നിർത്തലാക്കിയത്. അമേരിക്കയുടെ നടപടിയെ പലസ്തീനും യുഎന്നും അപലപിച്ചു. പലസ്തീന്റെ ഇന്നത്തെ അവസ്ഥയിലാക്കിയതിൽ നിന്ന് അമേരിക്കയ്ക്ക് അത്ര എളുപ്പം കൈകഴുകനാകില്ലെന്ന് പലാസ്തീൻ വക്താവ് പ്രതികരിച്ചു. അമേരിക്ക നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎന്നും വ്യക്തമാക്കി.
