ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ പിന്മാറ്റം.

വാഷിം​ഗ്ടൺ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്നും അമേരിക്ക പിന്മാറി. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ പിന്മാറ്റം.

മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മനുഷ്യാവകാശ കൗൺസിൽ കഴിഞ്ഞ ദിവസം നിശിതമായി വിമർശിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലേ കൗൺസിലിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. തീരുമാനം നിരാശജനകമാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരസ് പ്രതികരിച്ചു. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന 47 രാജ്യങ്ങളുടെ കൂട്ടായ്മായാണ് യുഎൻഎച്ച്ആർസി.