ഉപതെരഞ്ഞെടുപ്പ്; യുപിയിലും ബീഹാറിലും തകര്‍ന്നടിഞ്ഞ് ബിജെപി

First Published 14, Mar 2018, 6:30 PM IST
uttar Pradesh bihar election result update
Highlights
  • കാലിടറി ബിജെപി
  • മൂന്ന് ലോക്സഭാ സീറ്റിലും തോൽവി
  • ബീഹാറിൽ ആർജെഡിക്ക് മേൽക്കൈ

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്സഭാ സീറ്റുകളിലും ബിജെപി തോറ്റു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ തട്ടകമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫൂൽപൂരിലും സമാജ് വാദി പാർട്ടി വിജയിച്ചു. ബീഹാറിലെ അരരിയ മണ്ഡലം ആർജെഡി നിലനിറുത്തി. ഗോരഖ്പൂരിൽ ഫലപ്രഖ്യാപനം വൈകിയതും വിവരങ്ങൾ മറച്ചുവച്ചതും വൻപ്രതിഷേധത്തിനിടയാക്കി

വൻ അട്ടിമറിക്കാണ് ഉത്തർപ്രദേശിലെ ഗോരഖ്പൂരും ഫൂൽപൂരും സാക്ഷ്യം വഹിച്ചത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോൾ രാജിവച്ചതിനാൽ തെരഞ്ഞെടുപ്പ് വേണ്ടി വന്ന ഗോരഖ്പൂരിൽ സമാജ് വാദി പാർട്ടിയുടെ പ്രവീൺ നിഷാദ് 22000പരം വോട്ടുകൾക്ക് ബിജെപിയുടെ ഉപേന്ദ്ര ദത്ത് ശുക്ളയെ അട്ടിമറിച്ചു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒഴിഞ്ഞ ഫൂൽപൂരിൽ എസ്പി സ്ഥാനാർത്ഥി മഹേന്ദ്രസിംഗ് പട്ടേൽ ബിജെപിയുടെ കൗശലേന്ദ്ര സിംഗ് പട്ടേലിനെ 59,613 വോട്ടുകൾക്ക് തോൽപിച്ചു. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് ഗോരഖ്പൂരിൽ പതിനായിരത്തിൽ കൂടുതൽ വോട്ടു നേടിയെങ്കിലും രണ്ടു മണ്ഡലങ്ങളിലും കെട്ടിവച്ച പണം നഷ്ടപ്പെട്ടു.  

ആ‍‍‍ർജെഡി എംപി തസ്ലിമുദ്ദീൻറെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിലെ അരരിയ ലോക്സഭാ സീറ്റിൽ തസ്ലിമുദ്ദീൻറെ മകൻ സർഫറാസ് ആലം ബിജെപിയുടെ പ്രദീപ് സിംഗിനെ പരാജയപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ നിയമസഭാ മണ്ഡലങ്ങളായ ബബുവ ബിജെപിയും ജഹാനാബാദ് ആർജെഡിയും നിലനിറുത്തി. ഇതാദ്യമായി സമാജ് വാദി പാർട്ടിക്ക് ബിഎസ്പി പരസ്യപിന്തുണ നല്കിയ ശേഷമുള്ള തെരഞ്ഞെടുപ്പിൻറെ ഫലം രണ്ടു പാർട്ടികൾക്കും ഊർജ്ജം പകരുന്നതായി. സഖ്യം തുടരുമെന്ന സൂചന സമാജ്വാദി പാർട്ടിയും ബിഎസ്പിയും നല്കി. അവിശുദ്ധ കൂട്ടുകെട്ടിൻറെ പ്രത്യാഘാതം മനസ്സിലാക്കാൻ വൈകിയെന്നും അമിത ആത്മവിശ്വാസം വിനയായെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു

ബിജെപിക്കെതിരായ ജനരോഷം പ്രതിഫലിച്ചെന്ന് രാഹുൽ ഗാന്ധിയും ഇത് ബിജെപിയുടെ അവസാനത്തിൻറെ തുടക്കമെന്ന് മമതാബാനർജിയും പ്രതികരിച്ചു. ഗോരഖ്പൂരിൽ ഫലം പുറത്തുവിടാൻ വൈകിയതും ജില്ലാ മജിസ്ട്രേറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തതും വൻപ്രതിഷേധത്തിന് ഇടയാക്കി

loader