സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗാണ് ആൾക്കൂട്ട ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന്  ഉത്തർപ്രദേശ് സർക്കാർ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.    

ലക്നൗ: ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിലുണ്ടായ ആൾക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 70 ലക്ഷം രൂപ ധനസഹായം നൽകി. സൈന സ്റ്റേഷന്‍ പൊലീസ് ഓഫീസറായ സുബോധ് കുമാര്‍ സിംഗാണ് ആൾക്കൂട്ട ആക്രമണത്തിനിടെ വെടിയേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഉത്തർപ്രദേശ് സർക്കാർ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

സുബോധ് കുമാര്‍ സിം​ഗിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചതു മുതൽ തങ്ങളാൽ‌ കഴിയുന്ന വിധം എന്തെങ്കിലും സഹായം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ഇതിനറെ ഭാ​ഗമായാണ് കുടുംബത്തിന് ധനസഹായം നൽകിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പ്രശാന്ത് കുമാർ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

2018 ഡിസംബർ മൂന്നിനായിരുന്നു ഗോവധം ആരോപിച്ച് ബുലന്ദ്ഷഹറിൽ ആൾക്കൂട്ട ആക്രമണം നടന്നത്. സംഘർഷത്തിൽ സുബോധ് കുമാര്‍ സിംഗ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രശാന്ത് നാട്ട് എന്നയാളെയാണ് ആദ്യം പിടികൂടിയത്. മരിക്കുന്നതിനുമുമ്പ് സുബോധ് കുമാറിനെ കോടാലി കൊണ്ട് ആക്രമിച്ച കാലുവ എന്നയാളെ രണ്ടാമതും ഏറ്റവും ഒടുവിൽ കൊലപാതകത്തിന്റെ സൂത്രധാരൻ ബജ്‌റംഗ്ദൾ നേതാവായ യോ​ഗേഷ് രാജിനെയും പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ഒരു മാസത്തോളം ഒളിവിലായിരുന്ന ഇയാളെ ജനുവരി മൂന്നിനാണ് പൊലീസ് പിടികൂടിയത്.

പശുവിനെ കൊന്നെന്ന് ആരോപിച്ച് യോഗേഷാണ് പൊലീസിൽ വ്യാജ പരാതി നൽകിയത്. പിന്നീട് പരാതിയിൽ അന്വേഷണം നടത്താനെത്തിയ സുബോധ് കുമാറുമായി യോഗേഷ് വാക്ക് തർക്കത്തിലായി. തുടർന്ന് ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ പ്രതികൾ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇവിടെ വച്ച് സുബോധ് കുമാറിന്റെ തന്നെ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രശാന്ത് നട്ട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി.